ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം. ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും എന്നാണ് മെഡിക്കൽ സംഘം പറയുന്നത്. ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്നും മാർപാപ്പ മരണാസന്നമായ നിലയിലല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
രാത്രി വലിയ വിഷമമുണ്ടായില്ല. നന്നായി ഉറങ്ങി. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. ആരോഗ്യനില പൂർണമായും മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരും. ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നതായും വത്തിക്കാൻ ഇന്നലെ അറിയിച്ചിരുന്നു.
രോഗവിവരത്തെകുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ട്. കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽചെയറിൽ ഇരിക്കാൻ സാധിക്കുന്നുണ്ട്. അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും ശ്വാസംമുട്ടലുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.