പ്രേമലുവിൽ അമൽ ഡേവിസ് ആയെത്തി മലയാളികളുടെ മനം കവർന്ന നടനാണ് സംഗീത് പ്രതാപ്. ഇന്ന് സംഗീതിന്റെ ജന്മദിനം ആണ. മോഹൻലാലിനൊപ്പമാണ് സംഗീതിന്റെ ഈ പിറന്നാൾ ആഘോഷം നടന്നത്. മോഹൻലാൽ–സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ വച്ചായിരുന്നു ജന്മദിനാഘോഷം. കേക്ക് വൈകിയതിനാൽ മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ചാണ് അമൽ ജന്മദിനം ആഘോഷിച്ചത്.
മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പം ജന്മദിനം ആഘോഷിക്കുന്ന സംഗീതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേക്കിനു പകരം പഴംപൊരി എത്തിയപ്പോൾ ‘പഴംപൊരിയല്ലേ നല്ലത്’ എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം. ഒരു പൊട്ടിച്ചിരിയായിരുന്നു അവിടെ ഉയർന്നത്. മോഹൻലാൽ തന്നെ പഴംപൊരി എടുത്ത് സംഗീതിനു നൽകി.
പിന്നീട് ഒരുമിച്ച് ചിത്രങ്ങൾ എടുത്തു. ‘വേറെ ആരുടെയെങ്കിലും ബർത്ത്ഡേ ഉണ്ടാ’ എന്നു കുസൃതിയോടെ ചോദിച്ച ശേഷമാണ് മോഹൻലാൽ മടങ്ങിയത്.
ജന്മദിന സ്പെഷൽ കേക്ക് എത്തിയപ്പോൾ സെറ്റിലുള്ള മറ്റുള്ളവർക്കൊപ്പം സംഗീത് കേക്കും മുറിച്ചു. സംഗീതിന്റെ ഭാര്യയും ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിലെത്തിയിരുന്നു. ബ്രോമൻസ് ആണ് സംഗീതിന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വാലന്റൈൻസ് ദിനത്തിലാണ് ചിത്രം റിലീസിനെത്തിയത്.
https://www.instagram.com/reel/DGHnysey4FT/?igsh=MTloeWtyM3pkbWJ0dg==
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രത്തിലും മികച്ച വേഷത്തിലാണ് സംഗീത് വരുന്നത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’.
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്.