കോന്നി: 4 യുവതികളെ വലയിലാക്കിയ വിവാഹ തട്ടിപ്പുവീരൻ ഒടുവിൽ കുടുങ്ങിയത് ഫേസ്ബുക്കിലൂടെ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പി(36)നെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്.
നാലു യുവതികളെ വിവാഹം കഴിച്ച ഇയാൾക്ക് കുരുക്കായത് രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫേസ്ബുക്ക് സുഹൃത്തായതാണ്. ആലപ്പുഴ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് കോന്നി പ്രമാടം പുളിമുക്ക് തേജസ് ഫ്ലാറ്റിൽ താമസിച്ചുവരുന്നതിനിടെ ആണ് ഇയാൾ അറസ്റ്റിലാകുന്നത്.
ഒറ്റപ്പെടലിന്റെ വേദന പറഞ്ഞ് യുവതികളുമായി അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഇവരെ വിവാഹം ചെയ്ത് കുറച്ചുനാൾ ഒപ്പം താമസിച്ച ശേഷം സ്വർണവും പണവുമായി മുങ്ങുകയുമായിരുന്നു ഇയാളുടെ രീതി.
താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നും ദീപു യുവതികളോട് പറയും. അവരിൽനിന്ന് കിട്ടുന്ന കണ്ണീരാനുകൂല്യം മുതലാക്കി വിവാഹം കഴിക്കും. തുടർന്ന് ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകുകയുമായിരുന്നു ഇയാളുടെ രീതി.
10 കൊല്ലം മുമ്പാണ് ഇയാൾ ആദ്യമായി വിവാഹതട്ടിപ്പ് തുടങ്ങുന്നത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ കല്യാണം കഴിച്ചായിരുന്നു തുടക്കം.
ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ടായി. തുടർന്ന് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയശേഷം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
അടുത്തുതന്നെ കാസർകോട്ടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്ക് കടന്ന ദീപു അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം മുങ്ങി.
പിന്നീട് എറണാകുളത്ത് എത്തി ഒരു സ്ത്രീയുമായി അടുത്തു. കുറച്ചുനാൾ അവരുമൊത്ത് താമസിക്കുമ്പോഴാണ് ഫെയ്സ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ടത്. വിവാഹമോചിതയായ ഇവരെ വലയിലാക്കി അർത്തുങ്കൽവെച്ച് കല്യാണവും കഴിച്ചു.
അടുത്തിടെ ദീപുവിന്റെ രണ്ടാമത്തെ ഭാര്യ നിലവിലെ ഭാര്യയായ ആലപ്പുഴ സ്വദേശിനിയുടെ ഫെയ്സ്ബുക്ക് സുഹൃത്തായി.
അപ്പോഴാണ് അവരുടെ ഭർത്താവിന്റെ സ്ഥാനത്ത് തന്റെ മുൻ ഭർത്താവ് ഇരിക്കുന്ന ചിത്രങ്ങൾ കണ്ടത്. ഇതോടെ രണ്ടാം ഭാര്യ ദീപുവിന്റെ കള്ളക്കളികൾ നാലാം ഭാര്യയ്ക്ക് വിശദീകരിച്ചുകൊടുത്തു.
ദീപുവിന് മുമ്പ് ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോൾ തന്നോടുള്ള താത്‌പര്യം കുറഞ്ഞതായും ഉപേക്ഷിച്ചുകടക്കാൻ പോകുന്നെന്നും ഇതിനിടെ ആലപ്പുഴ സ്വദേശിനിക്ക് തോന്നിയിരുന്നു. തുടർന്നാണ് ഇവർ പരാതിയുമായി കോന്നി പോലീസിനെ സമീപിച്ചത്.
2022 മാർച്ച് ഒന്നിനും ഈ വർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി.
കാസർകോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് ഇയാൾ ബലാത്സംഗം നടത്തിയതായും പോലീസിന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
തുടർന്ന് തിങ്കളാഴ്ച പുലർച്ചെ പോലീസ് ഇൻസ്‌പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദീപുവിനെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.