സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ മൂന്നാർ ചുറ്റിക്കാണാൻ കെ.എസ്.ആർ.ടി.സി. ഏർപ്പെടുത്തിയ ഡബിൾഡക്കർ സർവീസ് അട്ടിമറിക്കാൻ മൂന്നാറിലെ ടാക്‌സി മാഫിയ. ടാക്സിക്കാരിലെ ഒരു ചെറിയ വിഭാഗംആളുകൾ മാത്രമാണ് ഇതിനു പിന്നിൽ. സഞ്ചാരികളിൽ നിന്നും അമിത കൂലി വാങ്ങിക്കുകയും വിനോദ സഞ്ചാരികളെ ആക്രമിക്കുകയും ചെയ്യുന്ന സംഘമാണ് ഇതിന് പിറകിൽ.
ഡബിൾഡക്കർ ബസ് സർവീസ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിന് ഉൾപ്പെടെ ഇവർ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ പണിമുടക്കിൽ പങ്കെടുക്കരുതെന്നാണ് വിവിധ യൂണിയനുകളുടെ ആവശ്യം. ശനിയാഴ്ച നിരത്തിലിറങ്ങിയ ഡബിൾഡക്കർ ബസ് കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളാണ് യാത്രക്കാർക്ക് വാഗ്ദ്ധാനം ചെയ്യുന്നത്. മൂന്നാറിൽ നിന്നും ദേവികുളം , ഗ്യാപ് റോഡ്വഴി പെരിയകനാൽ വരെയാണ് ട്രിപ്പ്. മൂന്നാറിന്റെ ഉൾപ്രദേശങ്ങളിലേക്ക് കൂടുതൽ ബസുകൾ ഇറക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ ബസ് ഉദ്ഘാടനം ചെയ്ത മന്ത്രി ഗണേഷ് കുമാറിനെ ടാക്‌സി മാഫിയ സംഘങ്ങൾ കരിങ്കൊടി കാണിച്ചു. ഇങ്ങിനെ കരിങ്കൊടി കാണിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാനും ഇവ പരിശോധിക്കാനും ഗണേഷ്‌കുമാർ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇതോടെ ഡ്രൈവർമാർ കെണിയിൽപെട്ട അവസ്ഥയാണ്. പല വാഹനങ്ങളും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതും വേണ്ടത്ര രേഖകൾ ഇല്ലാത്തതുമാണ്. രേഖകൾ പരിശോധിച്ചാൽ വാഹന ഉടമകളിൽ പലരും വൻ തുക പെറ്റിയായി അടയ്‌ക്കേണ്ടി വരും.