സാധാരണക്കാരന് വെല്ലുവിളിയാകുന്ന നികുതി വര്‍ദ്ധനകള്‍ ഏറെയാണ് സംസ്ഥാന ബജറ്റില്‍. 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും കുത്തനെ കൂട്ടിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്ക് 50 ശതമാനം നികുതി വര്‍ദ്ധനയാണ് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ടൂവീലറുകള്‍ മുതല്‍ കാറുകള്‍ക്ക് വരെയാണ് ഈ നികുതി വര്‍ദ്ധന ബാധകമാകുക. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പരമാവധി കുറയ്ക്കാനാണ് ശ്രമമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നതിന് സ്‌ക്രാപ്പിംഗ് പോളിസി കൊണ്ടുവന്നിരുന്നു. അതിലേക്ക് ഇപ്പോൾ സ്വകാര്യ വാഹനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
സ്വകാര്യ വാഹനങ്ങളുടെ നികുതിയില്‍ നിന്നും 110 കോടിയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്. ഇപ്പോള്‍ കൊണ്ടുവരുന്ന വര്‍ദ്ധനയിലൂടെ 55 കോടി കൂടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് തിരച്ചടിയാകുന്നത് സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങി ഉപയോഗിക്കുന്ന അടിസ്ഥാന വര്‍ഗത്തെയാകും എന്ന് ഉറപ്പാണ്.