പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ അടിച്ച് ഒതുക്കിയ സംഭവത്തിൽ പൊലീസിന്റെ ഒത്തുകളി.
ഉത്തരവാദികളായ എസ്.ഐയുടേയും പൊലീസുകാരുടേയും പേരുകൾ ഇല്ലാതെയാണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. പൊലീസുകാർ സംഭവസ്ഥലത്ത് എത്തിയ സമയത്തിലും പൊരുത്തക്കേടുകൾ ഉണ്ട്.
ഇത് പോലീസുകാരെ രക്ഷിക്കാനാണെന്ന് ആക്ഷേപം.ലാത്തിയടിക്ക് നേതൃത്വം നൽകിയത് പത്തനംതിട്ട എസ്.ഐ ജെ.യു. ജിനു, സിവിൽ പൊലീസ് ഒാഫീസർമാരായ ജോബിൻ ജോസഫ്, അഷ്ഫാക്ക് എന്നിവരാണ് മർദിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു.
ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡും ചെയ്തിരുന്നു. എന്നിട്ടും ഇവരുടെ പേരുകൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്താത്തതിലാണ് ദുരൂഹത.
സംഭവം നടന്നത് രാത്രി പതിനൊന്നു മണിക്കെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അതേസമയം, അബാൻ ജംഗ്ഷനിലെ ബാറിൽ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ബാർ ജീവനക്കാർ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് 11.15ന് ആണ് എന്നാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
11.15ന് വിളിച്ചു പറഞ്ഞ സംഭവത്തിൽ 11 മണിക്കേ എസ്.ഐയും സംഘവും എങ്ങനെ എത്തും? ആളുമാറി മർദ്ദിച്ചതാണെന്ന പൊലീസ് വാദത്തിന് എതിരാണ് എഫ്.ഐ.ആറിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ.
ഇതുകൂടാതെ പത്തനംതിട്ട എസ്.ഐയ്ക്കും കൂട്ടർക്കുമെതിരായ പരാതികൾ അതേ സ്റ്റേഷനിലെ സി.ഐയും പത്തനംതിട്ട ഡിവൈ.എസ്.പിയും അന്വേഷിക്കുന്നതിലും ആക്ഷേപമുണ്ട്.
പരാതിക്കാരിൽ നിന്ന് കൂടുതൽ തെളിവെടുത്ത ശേഷം മർദ്ദിച്ച പൊലീസുകാരുടെ പേരുകൾ ഉൾപ്പെടുത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സമയത്തിലെ പൊരുത്തക്കേട് പരിശോധിക്കുമെന്നും വ്യക്തമാക്കി.