മലപ്പുറം: തിരൂരിൽ ഷവർമ കഴിച്ച് അവശനിലയിലായ രണ്ടരവയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. തൂവക്കാട് കന്മനം സ്വദേശി റഫീഖിന്റെ മകൾ എമിലാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
പരാതി നൽകിയിട്ടും ബേക്കറിക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുത്തില്ലെന്നാണ് പരാതി. എന്നാൽ കൊച്ചു കുട്ടി ആയതിനാൽ ഷവർമ ദഹിക്കാത്തതാണ് പ്രശ്നമായതെന്നാണ് ബേക്കറിയുടമയുടെ വാദം.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. തൂവക്കാട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ചതിന് പിന്നാലെ കുഞ്ഞ് ഛർദ്ദിക്കാൻ തുടങ്ങിയിരുന്നു. രാവിലെ തന്നെ കുഞ്ഞിനെ പുത്തനത്താണിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷ്യവിഷബാധയാണെന്ന് മനസിലായതോടെ വ്യക്തമായതോടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ കുടുംബം പരാതി നൽകി. തുടർന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് കടയടപ്പിച്ചെങ്കിലും അടുത്ത ദിവസം തന്നെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഇത് സംബന്ധിച്ച് വിവരങ്ങൾ ആരാഞ്ഞപ്പോൾ ഓഫീസർ ഫോൺ കട്ട് ചെയ്തുവെന്ന് കുഞ്ഞിന്റെ ഉമ്മ സുൽഫത്ത് പറയുന്നു.
കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. പരാതിയിൽ തുടർ നടപടിയുണ്ടാകാത്തതിനെ തുടർന്ന പൊലീസിനെയും വിജിലൻസിനെയും കുടുംബം സമീപിച്ചിട്ടുണ്ട്.