തിരുവനന്തപുരം: പൊലീസ് സെൻട്രൽ സ്‌പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ മാറ്റി. പകരം എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ നിയമിച്ചു. ചുമതലയിൽ തുടരുന്നത് ബുദ്ധിമുട്ടാണെന്ന് അജിത്കുമാർ ഡി.ജി.പിയെ നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
പൊലീസിൽ സ്‌പോർട്സ് ക്വോട്ട നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം. മിസ്റ്റർ യൂണിവേഴ്സ് കിരീടം നേടിയ ചിത്തരേഷ് നടേശനെയും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വയെയും ഡി.ജി.പിയുടെ എതിർപ്പ് വകവെക്കാതെ സർക്കാർ ഇൻസ്‌പെക്ടർ റാങ്കിൽ നിയമിച്ചിരുന്നു.
ഇവ പ്രത്യേക കേസായി പരിഗണിച്ച് ചട്ടം ഇളവുചെയ്താണ് ആഭ്യന്തര വകുപ്പ് നിയമനം നടത്തിയത്.
പിന്നാലെ കണ്ണൂരിലെ വോളിബോൾ താരത്തെയും നിയമിക്കാൻ സ്‌പോർട്സ് ഓഫീസർക്കു മേൽ സമ്മർദ്ദമുണ്ടായി.
ദേശീയ പഞ്ചായത്ത് മേളയിൽ വിജയിച്ച 27കാരനെ നിയമിക്കാനുള്ള ശുപാർശ ഡി.ജി.പി ഒരു തവണ തള്ളിയതാണ്. വീണ്ടും ശുപാർശ എത്തിയതോടെ വിവാദം ഭയന്നാണ് അജിത് പദവിയൊഴിഞ്ഞതെന്നാണ് വവരം.
എന്നാൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമടക്കം ഇന്ത്യയ്ക്കായി മെഡൽ നേടിയവരുടെ നിയമന ശുപാർശകളിൽ തീരുമാനമെടുത്തിട്ടുമില്ല.
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് എം. ശ്രീശങ്കറിനെ ആംഡ് ഇൻസ്‌പെക്ടർ തസ്തികയിൽ നിയമിക്കണമെന്ന് ഡി.ജി.പിയുടെ ശുപാർശ ചെയ്‌തിരുന്നു.
എന്നാൽ ഗസ്റ്റഡ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം സാദ്ധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഇത് തള്ളുകയായിരുന്നു.