നാളെയും തെളിവെടുപ്പ് തുടരും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തന്‍റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയൽവാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നൽകി. പുഷ്പയെ വെറുതെ വിട്ടതിൽ നിരാശയുണ്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു.(Nenmara double murder; statement of chenthamara)
താൻ പുറത്തിറങ്ങാതിരിക്കാൻ കൂട്ട പരാതി നൽകിയവരിൽ പുഷ്പയും ഉണ്ടെന്നും ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്നും ആണ് ചെന്താമര പോലീസിനോട് പറഞ്ഞത്. ചെന്താമരയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൃത്യം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ഇന്ന് രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂർ ജയിലിൽ നിന്ന് ആലത്തൂർ കോടതിയിൽ എത്തിച്ചത്. നാളെ വൈകീട്ട് 3 മണി വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നാളെയും തെളിവെടുപ്പ് തുടരും.