മലപ്പുറം: നിലമ്പൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന 13 വയസുകാരനെ പീഡിപ്പിച്ച 53കാരന് 60 വർഷം കഠിന തടവും 40000 രൂപ പിഴയും. വഴിക്കടവ് മരുതയിലെ പട്ടണം ഷമീർ ബാബുവിനെതിരെയാണ് കേസ്. നിലമ്പൂർ അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാൽ സംഖ്യ ഇരയ്ക്ക് നൽകും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2020 മേയ് 10 നാണ്. ഒരു മാസത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. റബർ തോട്ടത്തിൽ കൊണ്ടുപോയാണ് പ്രകൃതിവിരുദ്ധ പീഡനം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
വഴിക്കടവ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ ശിവൻ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടറായിരുന്ന പി അബ്ദുൽ ബഷീർ ആണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ തവനൂർ ജയിലിലേക്ക് അയച്ചു.