കട്ടപ്പന: ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ടിന് പുരസ്കാരം. ഹൊറൈസൺ ഗ്രൂപ്പിന്റെ ആദ്യ സംരഭമായ കെ ജെ ജോസഫ് ആന്റ് കമ്പനി കേരളത്തിലെ കാർഷമേഖലയിൽ നടത്തിയ 78 വർഷത്തെ സ്തുത്യർഹമായ സേവനത്തിനാണ് ഷാജി ജെ കണ്ണിക്കാട്ടിന് പുരസ്കാരം ലഭിച്ചത്. മലയാള മനോരമ പ്രസിദ്ധീകരണമായ കർഷകശ്രീയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് കട്ടപ്പനയിൽ സംഘടിപ്പിച്ച കർഷക സഭയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും ഷാജി ജെ കണ്ണിക്കാട്ട് പുരസ്കാരം ഏറ്റുവാങ്ങി.
നിയമസഭ പോലെ തന്നെ ഇത്തരത്തിലുള്ള കാർഷിക സഭകളും ഇവിടെ അത്യാവശ്യമാണ്. പുത്തൻ ആശയങ്ങൾക്കും കാർഷികമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത്തരം കാർഷിക സഭകൾ വേണം. അതിന് മുൻകൈ എടുത്ത മലയാള മനോരമയ്ക്കും കർഷകശ്രീക്കും കെജെ ജോസഫ് ആന്റ് കമ്പനിക്കും അഭിനന്ദനങ്ങൾ നേർന്നു. കഴിഞ്ഞ 78 വർഷമായി കാർഷിക മേഖലയിൽ കെ ജെ ജോസഫ് ആന്റ് കമ്പനി നടത്തുന്ന സേവനങ്ങൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്ന മന്ത്രി റോഷി അഗസ്റ്റിൻ ഇക്കാര്യം അറിയിച്ചത്.
മലയാള മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ബീന ടോമി, ടികെ സുനിൽ കുമാർ, ഡോ കെ ധനപാൽ, സുധാകർ സൗന്ദരരാജൻ, സ്റ്റനി പോത്തൻ, എബ്രഹാം ചാക്കോ എന്നിവർ പങ്കെടുത്തു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ തുടങ്ങിയ സ്ഥാപനമാണ് കെ.ജെ ജോസഫ് ആൻ്റ് കമ്പനി. കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വളം വിതരണക്കാർ.
കണ്ണിക്കാട്ട് ഔത ജോസഫ് തുടങ്ങിവെച്ച ബിസിനസ് പാരമ്പര്യം. തടികച്ചവടത്തിലായിരുന്നു തുടക്കം. പിന്നീട് മക്കളായ കെ.ജെ ജോസഫ്, കെ.ജെ ജോൺ, കെ.ജെ അഗസ്റ്റിൻ, കെ. ജെ മാത്യു എന്നിവർ ചേർന്ന് വളം കച്ചവടം തുടങ്ങി. അക്കാലത്ത് കൃഷിയായിരുന്നു സംസ്ഥാനത്തെ മുഖ്യ വരുമാനമാർഗം. അതു മനസിലാക്കിയാണ് വളം കച്ചവടത്തിലേക്ക് തിരിഞ്ഞത്.
1947 ൽ കെ.ജെ ജോസഫ് ആൻ്റ് കമ്പനി എന്ന പേരിൽ വളം കച്ചവടം തുടങ്ങിയപ്പോൾ കേരളത്തിൽ രണ്ട് ഏജൻസികൾ വേറെയും ഉണ്ടായിരുന്നു. എന്നാൽ അവർ പ്രവർത്തനം നിർത്തിയതോടെ ഇന്ന് സംസ്ഥാനത്തുള്ള ഏറ്റവും പഴക്കം ചെന്ന വളം വിതരണക്കാരായി കെ.ജെ ജോസഫ് ആൻ്റ് കമ്പനി മാറി.
ഉത്തരേന്ത്യയിൽ നിന്നും എല്ലുപൊടി കേരളത്തിലെത്തിച്ചു. മട്ടാഞ്ചേരി ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം. ആയിരക്കണക്കിന് ടൺ എല്ലുപൊടിയാണ് സംസ്ഥാനത്തൊട്ടാകെ വിതരണം നടത്തിയിരുന്നത്.
ശരവേഗത്തിലായിരുന്നു കെ.ജെ ജോസഫ് ആൻ്റ് കമ്പനിയുടെ വളർച്ച. തൊടുപുഴ മൂവാറ്റുപുഴ പെരുമ്പാവൂർ ആലുവ മേഖലകളിൽ വളം ഡിപ്പോകൾ തുറന്നു. വളത്തിനൊപ്പം ഓട് വ്യാപരവും തുടങ്ങി. ഓലയിൽ നിന്ന് ഓടിലേക്കുള്ള മാറ്റം പോലെ തന്നെയായിരുന്നു ഷാജിയുടെ ബിസിനസുകളും.
കണ്ണിക്കാട്ട് കുടുംബത്തിന് നാല് തലമുറയുടെ കച്ചവട പാരമ്പര്യത്തിൻ്റെ കഥകൾ പറയാനുണ്ട്. അതിൽ മൂന്നാം തലമുറക്കാരനാണ് ഷാജി ജെ കണ്ണിക്കാട്ട്. കല്ലൂർക്കാട് കണ്ണിക്കാട്ട് കുടുംബത്തിലാണ് ഷാജി ജെ കണ്ണിക്കാട്ട് ജനിച്ചത്. പ്രശസ്തനായ പ്ളാൻ്ററും ബിസിനസുകാരനുമായ കെ.ജെ ജോണിൻ്റേയും ആനി ജോണിനേയും മകൻ.
നന്നേ ചെറുപ്പത്തിൽ തന്നെ ബിസിനസിനോടായിരുന്നു താത്പര്യം. കോളജ് വിദ്യാഭ്യാസ കാലത്ത് തന്നെ ബിസിനസിലേക്ക് തിരിഞ്ഞു. പിതാവിൻ്റെ ബിസിനസിൽ ഒപ്പം കൂടി. ബിസിനസിൻ്റെ ബാലപാഠങ്ങൾ പഠിച്ചു.
കോളജിലെ ഒഴിവു സമയങ്ങളിൽ പിതാവിന്റെ സ്ഥാപനങ്ങളിലെത്തി. പിതാവിൻ്റെ ബിസിനസ് തന്ത്രങ്ങൾ എല്ലാം മന:പാഠമാക്കി.
എന്നും പുത്തൻ ബിസിനസ് ആശയങ്ങൾക്ക് പിന്നാലെയാണ് കണ്ണിക്കാട്ട് കുടുംബം. ആദ്യ തലമുറ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഷാജി ജെ കണ്ണിക്കാട്ട് വിൽപ്പനയ്ക്കൊപ്പം നിർമാണവും തുടങ്ങി. പുതുതലമുറയിൽപ്പെട്ട എബിൻ ഷാജി കണ്ണിക്കാട്ട് കൂടി വ്യവസായത്തിലേക്ക് ഇറങ്ങിയതോടെ ബിസിനസിൻ്റെ രൂപവും ഭാവവും മാറി. കണ്ണിക്കാട്ട് കുടുംബത്തിൻ്റെ ബിസിനസ് സാമ്രാജ്യം കടൽ കടന്നു. ദുബൈയിൽ മാത്രം 3 സ്ഥാപനങ്ങളുണ്ട് കണ്ണിക്കാട്ട് കുടുംബത്തിന്. വിദേശത്ത് മാത്രം നൂറോളം പേർ ജോലി ചെയ്യുന്നു.
ഓസ്ട്രേലിയയിൽ ഉപരിപഠനത്തിന് പോയ എബിൻ ഷാജി തിരിച്ചെത്തിയത് പുത്തൻ ബിസിനസ് ഐഡിയകളുമായാണ്. 2012 ൽ ഇംപോർട്ട് ലൈസൻസ് എടുത്തു. വിദേശ രാജ്യങ്ങളിൽ നിന്നും പുത്തൻ കാർഷിക സാധനങ്ങൾ ഇറക്കുമതി ചെയ്തു. അഞ്ഞൂറോളം സബ് ഡീലർമാരുണ്ട് കെജെ ജോസഫ് ആന്റ് കമ്പനിക്ക്. ഇവർ വഴിയാണ് നൂതനമായ കാർഷിക പ്രൊഡക്ടുകൾ സംസ്ഥാനത്ത് ഉടനീളം വിതരണം ചെയ്യുന്നത്.
കെ ജെ ജോസഫ് ആന്റ് കമ്പനിക്ക് തേനിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ജൈവ വളം നിർമാണ യൂണിറ്റും സ്വന്തമായി ഉണ്ട്. ഏറെ ഗുണമേൻമയുള്ള പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ചാണ് ഇവിടത്തെ വളം നിർമാണം. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസും ഇല്ലാതെയാണ് ഏറ്റവും ഗുണമേൻമയുള്ള വളം ഇവിടെ നിർമിക്കുന്നത്. അതുകൊണ്ടു തന്നെ കെ ജെ ജോസഫ് ആന്റ് കമ്പനിയുടെ വളത്തിന് വൻ ഡിമാന്റാണ്.
ഇന്ന് 500 കോടി രൂപയുടെ ടേണോവറുള്ള വമ്പൻ ബിസിനസുകാരായി കണ്ണിക്കാട്ട് കുടുംബം മാറി. ജീവനക്കാരായി അറന്നൂറോളം ആളുകളുണ്ട്. ജീവനക്കാരെ കൂടപ്പിറപ്പുകളെപ്പോലെ കാണാൻ ആണ് അച്ഛനും മകനും താത്പര്യം. ഇത് പഠിച്ചതും ഷാജിയുടെ പൂർവികരിൽ നിന്നുമാണ്.
പിതാവിൻ്റെ കാലം മുതൽ കണ്ണികാട്ട് കുടുംബത്തിൽ നടന്നു വന്നിരുന്ന കാര്യമാണ് ആഴ്ചയിലൊരിക്കൽ കുടുംബാഗങ്ങൾ ഒത്തുചേരുന്നതും ബിസിനസ് ചർച്ചകൾ നടത്തുന്നതും. ഇതിനൊപ്പം ലോകകാര്യങ്ങളും ചർച്ച ചെയ്യും. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ചർച്ചയിൽ പങ്കെടുക്കും. ഇന്നും ഇത് മുടക്കം കൂടാതെ കണ്ണിക്കാട്ട് കുടുംബത്തിൽ തുടർന്ന് പോരുന്നു.
1950കളിൽ അച്ഛൻ ഉപയോഗിച്ചിരുന്ന ഡയറി ഇന്നും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് ഷാജി ജെ കണ്ണിക്കാട്ട്. ആ ഡയറിയിൽ കണക്കുകൾക്ക് പുറമെ അന്ന് സ്വന്തം ആവശ്യത്തിനും ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന വാഹനങ്ങളുടെ നമ്പറും എഴുതിയിട്ടുണ്ട്.
കെ.ജെ ജോൺ വീട്ടിലെ പണ പെട്ടി പൂട്ടി വെക്കാറില്ലായിരുന്നു. മക്കൾക്ക് ആവശ്യമുള്ളത് എടുക്കാം. എടുക്കുന്നത് എത്രയെന്ന് ബുക്കിൽ എഴുതി വെക്കണമെന്ന് മാത്രം. മക്കളെ സുഹൃത്തുക്കളെ പോലെ കണ്ടിരുന്ന പിതാവ്മക്കളുടെ നല്ലതിനു വേണ്ടി ചെയ്തതാണ്. അനാവശ്യമായി പണം ചെലവാക്കാതിരിക്കാനും സാമ്പത്തിക അച്ചടക്കം ഉണ്ടാവാനും കെ. ജെ ജോൺ കണ്ടെത്തിയ ഒരു എളുപ്പമാർഗമായിരുന്നു ഇത്.
പാരമ്പര്യമായി തുടർന്നുവരുന്ന ചില ബിസിനസ് പാoങ്ങളുണ്ട്. ഒന്നാമത്തേത് ലഹരിക്കച്ചവടവും പലിശക്ക് കൊടുപ്പും വേണ്ടെന്നതാണ്. എത്ര ലാഭം കിട്ടിയാലും ഇത്തരം ബിസിനസുകൾ വേണ്ടെന്നതു തന്നെയാണ് പുതുതലമുറയിലെ എബിൻ ഷാജിയും പറയുന്നത്.
മറ്റൊന്ന് വാങ്ങൽ കൊടുക്കൽ കാര്യങ്ങളിലെ കൃത്യതയാണ്. അടുത്തത് അളവ് തൂക്കങ്ങളിലെ സുതാര്യത. അവസാനത്തേത് മായം ചേർക്കാത്ത വസ്തുക്കളുടെ വിൽപ്പന. ഇതെല്ലാം ഇന്നും എല്ലാ ബിസിനസുകളിലും പാലിക്കുന്നതു തന്നെയാണ് ഷാജിയുടെയും കുടുംബത്തിൻ്റെയും വിജയ രഹസ്യം.
ഇടപെടുന്ന എല്ലാ കമ്പനികളുമായും അവിടത്തെ ജീവനക്കാരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നതാണ് ഹൊറൈസൺ ഗ്രൂപ്പിൻ്റെ മറ്റൊരു വിജയ രഹസ്യം. മറ്റൊന്ന് ഉപഭോക്താവിന് നൽകുന്ന പരിഗണനയാണ്.
മറ്റേതൊരു സ്ഥാപനം നൽകുന്നതിലും മികച്ച സേവനങ്ങളാണ് ഹൊറൈസൺ ഗ്രൂപ്പിൻ്റെ ഏതൊരു സ്ഥാപനത്തിലും ലഭിക്കുന്നത്. പുതുതായി വരുന്ന ഒരോ ജീവനക്കാരനും അതിനു വേണ്ട പരിശീലനങ്ങളും നൽകാറുണ്ട്.
എല്ലാ മേഖലകളിലും ആരോഗ്യപരമായ മത്സരങ്ങൾ മാത്രമെ ഹൊറൈസൺ ഗ്രൂപ്പ് നടത്താറുള്ളു. സമാന മേഖലകളിലുള്ള ഒരു സ്ഥാപനത്തിനും ദോഷം വരുത്തുന്ന ഒരു മത്സരവും ഹൊറൈസൺ നടത്താറില്ല.
ഷാജി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ബോർഡിംഗിൽ നിന്നാണ്. പല സാമ്പത്തീക ചുറ്റുപാടുകളിൽ നിന്നും വന്ന ഒരുപാടു പേരുടെ കൂടെ ഒരുമിച്ച് വളർന്നതുകൊണ്ടാവാം മറ്റുള്ളവരുടെ വിഷമങ്ങൾ കാണാനും അത് പരിഹരിക്കാനും ഷാജിക്ക് പ്രത്യേക കഴിവുണ്ടായത്.
പുറം ലോകമറിയാതെയും അറിഞ്ഞും നിരവധി പേർക്ക് സഹായങ്ങൾ നൽകുന്നതും അതുകൊണ്ട് തന്നെയാണ്. ഇതും പൂർവികരിൽ നിന്നുതന്നെ കണ്ടു പഠിച്ചതാണ്. എബിൻ ഷാജി കണ്ണിക്കാട്ടും ഇതേ പാത പിന്തുടരുന്നു.
ഷാജിയുടെ പാത പിന്തുടർന്ന് എബിൻ ബിസിനസിലേക്ക് എത്തിയതുപോലെ തന്നെ ഭാര്യ മിനി ഷാജി കണ്ണിക്കാട്ടും മകൾ സ്റ്റെഫി ഷാജി കണ്ണിക്കാട്ടും ബിസിനസ് രംഗത്ത് സജീവമാണ്. ഹെറിറ്റേജ് ലൂംസിനെ മുന്നോട്ട് നയിക്കാൻ ചുക്കാൻ പിടിക്കുന്നത് ഇവരാണ്.
കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ ഓൺലൈൻ വസ്ത്രവിപണിയിൽ പ്രീമിയം വസ്ത്രങ്ങളുടെ അവസാന വാക്കായി ഹെറിറ്റേജ് ലൂംസ് മാറിയതിനു പിന്നിൽ സ്റ്റെഫി ഷാജി കണ്ണിക്കാട്ടും മിനി ഷാജി കണ്ണിക്കാട്ടുമാണ്. സംസ്ഥാനത്തൊട്ടാകെ ഹെറിറ്റേജ് ലൂംസിൻ്റെ പുതിയ ബ്രാഞ്ചുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് മിനിയും സ്റ്റെഫിയും. നിലവിൽ മൂവാറ്റുപുഴയിലാണ് ഹെറിറ്റേജ് ലൂംസിന്റെ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. അടുത്ത ഔട്ട്ലെറ്റ് തൃശൂരിൽ ഉടൻ പ്രവർത്തനം തുടങ്ങും.
മഹീന്ദ്ര വാഹനങ്ങളുടെ ഡീലർഷിപ്പ് തുടങ്ങിയതോടെ ഹൊറൈസൺ ഗ്രൂപ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഹോറൈസൺ ഗ്രൂപ്പിന് കീഴിൽ നിരവധി സ്ഥാപനങ്ങൾ ഉണ്ട്. ഹോറൈസൺ മോട്ടോഴ്സ് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം, പാല, കാഞ്ഞിരപ്പള്ളി, ചങ്ങാനാശേരി, തലയോലപറമ്പ്, കട്ടപ്പന, തൊടുപുഴ, അടിമാലി, എന്നിവിടങ്ങളിലാണ് പ്രവർത്തനം. ഇടുക്കി കോട്ടയം ജില്ലകളിലെ മഹീന്ദ്ര വാഹനങ്ങളുടെ അംഗീകൃത ഡീലറാണ് ഹോറൈസൺ മോട്ടോഴ്സ്.
കെ.ജെ ജോസഫ് ആൻ്റ് കമ്പനി,ഹോറൈസൺ മോട്ടോഴ്സ് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ്, കണ്ണിക്കാട്ട് ട്രേഡ് ലിങ്ക്സ്, ലൂസൈൻ അഗ്രോടെക് ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ്,ഹൊറൈസൺ ക്രഷേഴ്സ് ഇൻഡ്യാ പ്രവറ്റ് ലിമിറ്റഡ്, ഹൊറൈസൺ ഹബ് മോട്ടോഴ്സ് ഓട്ടോകെയർ എൽ.എൽ.സി ദുബൈ, ന്യൂസ്4മീഡിയ, ഹൊറൈസൺ ഇൻഷൂറൻസ്, ഹൊറൈസൺ ഡിജിറ്റൽസ്, ഹെറിറ്റേജ് ലൂംസ് എന്നിങ്ങനെ നീളുന്നു കണ്ണിക്കാട്ട് കുടുംബത്തിൻ്റെ ബിസിനസ് സാമ്രാജ്യം.
ഷാജിയുടെ മരുമകനും മരുമകളും ബിസിനസിൽ സജീവമാണ്. സ്റ്റെഫിയുടെ ഭർത്താവ് ജോൺ മത്തായി പോളും ബിസിനസുകാരനാണ്. പോൾസ്സ്ക്രീമറി ബ്രാൻഡിലുള്ള ഐസ്ക്രീം നിർമാണ കമ്പനിയുടെ ഉടമയാണ് ജോൺ മത്തായി പോൾ. മരുമകൾ ഡിമ്പിൾ ജോസും ഹൊറൈസൺ ഗ്രൂപ്പിൻ്റെ അമരക്കാരിൽ ഒരാളാണ്.
എബിൻ ഷാജി കണ്ണിക്കാട്ടിൻ്റെയും ഡിമ്പിൾ ജോസിൻ്റെയും മക്കളായ ജെറമിയ പോൾ കണ്ണിക്കാട്ടും റൂത്ത് മറിയം കണ്ണികാട്ടും കുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ബിസിനസിലേക്ക് വരണമെന്നാണ് ഷാജി ജെ കണ്ണിക്കാട്ടിൻ്റെ ആഗ്രഹം.