ജർമനിയിൽ മലയാളി വിദ്യാർത്ഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി രവിശങ്കറിനെയാണ് (27) ബർലിൻ മെയിൻ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാഗ്ഡെബുർഗ് ഓട്ടോ വോൺ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു രവിശങ്കർ. Malayali student found dead at railway station in Germany
റിട്ട. ഡിഇഒ പി.സി. മോഹനന്‍റെയും ഐഡിയൽ പബ്ലിക് സ്കൂൾ അധ്യാപിക ഒ.പി. ജയശ്രീയുടെയും മകനാണ്. 2022ലാണ് പഠനത്തിനായി ജർമനിയിൽ എത്തിയത്. ഞായറാഴ്ച രാത്രി വീട്ടിൽ വിളിച്ച് ബർലിനിലേക്ക് പോകുകയാണെന്ന് രവിശങ്കർ അറിയിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.
റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെയും രവിശങ്കർ വീട്ടുകാരെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാർ രവിശങ്കറിനൊപ്പം പഠിക്കുന്ന മറ്റു വിദ്യാർത്ഥികളെ ബന്ധപ്പെട്ടെങ്കിലും കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
രവിശങ്കർ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥികളുമായി അടുപ്പം പുലർത്തിയിരുന്നില്ലെന്ന് സഹപാഠികൾ പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നാണറിയുന്നത്.









