പാലക്കാട്: മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് അധ്യാപകരോട് കയര്‍ത്ത 17കാരന്റെ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ വിശദീകരണം തേടി ബാലാവകാശ കമ്മീഷന്‍. വിദ്യാഭ്യാസ ഉപഡയറക്ടര്‍, ചൈല്‍ഡ് ലൈന്‍ എന്നിവരോട് ആണ് വിശദീകരണം തേടിയത്. വിഷയത്തിൽ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.(Thrithala incident; Child Rights Commission seeks explanation)
വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് തൃത്താല പൊലീസ് സ്റ്റേഷനില്‍ വെച്ച് അധ്യാപകരും വിദ്യാര്‍ത്ഥിയും രക്ഷിതാവിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു. പിഴവ് പറ്റിയതാണ്, മാപ്പ് നൽകണമെന്ന് വിദ്യാര്‍ത്ഥി അധ്യാപകനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് അധ്യാപകരുടെ തീരുമാനം.
വിദ്യാര്‍ത്ഥിക്ക് കൗണ്‍സിലിംഗ് നല്‍കാനും അടുത്ത ദിവസം മുതല്‍ ക്ലാസ്സില്‍ വരാനും സൗകര്യമൊരുക്കും. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശവും നല്‍കിയിരുന്നു.