സ്വകാര്യസ്ഥലം പള്ളിയാക്കാൻ ശ്രമിച്ചെന്നാരോപിച്ച് പോലീസ്. യു.പിയിൽ സ്വകാര്യ സ്ഥലത്ത് നിസ്കരിച്ച
ഏഴ് പേർക്കെതിരെ കേസെടുത്തു. കേസിൽ ബറേലി ജില്ലയിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻകൂട്ടി അനുമതി വാങ്ങാതെ നിസ്കാരം നടത്തിയെന്ന് ആരോപിച്ചാണ് നാല് പേരെ പിടികൂടിയത്. പൊതു ക്രമത്തെ തടസപ്പെടുത്തുന്ന വിധം പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
സ്വകാര്യസ്ഥലം പള്ളിയാക്കി മാറ്റാൻ ശ്രമിച്ചുവെന്നും യു.പി പൊലീസ് പറയുന്നു. വെള്ളിയാഴ്ച പ്രാർഥനയുടെ ദൃശ്യങ്ങൾ ഒരു ഹിന്ദുസംഘടന പങ്കുവെച്ചതോടെയാണ് പൊലീസ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയത്. തുടർന്ന് അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു.
നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ പ്രതിയായ ഗ്രാമമുഖ്യൻ മുഹമ്മദ് ആരിഫ് ഉൾപ്പടെയുള്ള മൂന്ന് പേരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ഭാരതീയ ന്യായ് സംഹിതയിലെ 223ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗ്രാമമുഖ്യന്റെ സഹോദരൻ മുഹമ്മദ് ഷാഹിദിനെ അറസ്റ്റ് ചെയ്തുവെന്ന് ബറേലി സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് തോമർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, താനും അനുയായികളും ചേർന്നാണ് സ്വകാര്യസ്ഥലത്ത് ആളുകൾ നിസ്കരിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചതെന്ന് ഹിന്ദു ജാഗരൺ മഞ്ച് യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹിമാൻഷു പട്ടേൽ പറഞ്ഞു. സ്വകാര്യ സ്ഥലത്ത് നിസ്കരിച്ച് അവിടെ പള്ളിയാക്കുകയായിരുന്നു നിസ്കരിച്ചവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.