മലപ്പുറം: കളിക്കുന്നതിനിടെ ഗേറ്റ് ശരീരത്തിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവരാണ് സമീറും കുടുംബവും. ക്വാർട്ടേഴ്സിന്റെ മതിലിനോട് ചേർന്നുള്ള ഗേറ്റാണ് കുഞ്ഞിന്റെ മുകളിലേക്ക് വീണത്.
കുട്ടി കളിക്കുന്നതിനിടെയാണ് ഗേറ്റ് തകർന്നുവീണത്. സംഭവസമയത്ത് അവിടെ ആരും ഉണ്ടായിരുന്നില്ല. കളിക്കുന്നതിനിടെ ഗേറ്റിൽ കയറിയാതാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ഗേറ്റിന് സമീപത്തിരുന്നാണ് കുഞ്ഞ് കളിച്ചിരുന്നതെന്ന് വീട്ടുകാർ പറയുന്നു.
ഗേറ്റിന്റെ അടിഭാഗം തകർന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം എത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആളുപത്രിയിലേക്ക് പോകുന്നവഴിയാണ് മരിച്ചത്.