ഓമല്ലൂർ അച്ചൻകോവിലാറ്റിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു. ഇലവന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കാനാൽ സ്വദേശി ഏബർ എന്നിവരാണ് മരിച്ചത്. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ്. പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെയാണ് അപകടം. Class 10 students drown while bathing in Achankovil
സ്വകാര്യ ട്യൂഷൻ സെന്റർ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിനായി സമീപത്തെ ടർഫിൽ കളിക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ. കളി കഴിഞ്ഞ ശേഷം കുളിക്കാനായി ഞായറാഴ്ച ഉച്ചയോടെയാണ് അഞ്ച് വിദ്യാർഥികൾ അച്ചൻകോവിലാറ്റിൽ ഇറങ്ങിയത്. ഇതിൽ രണ്ടു കുട്ടികൾ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘങ്ങളെത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി.