ഇടുക്കി: ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അടിയന്തര അന്വേഷണം നടത്താൻ നിർദേശം. അന്വേഷണം സംബന്ധിച്ചു ഗതാഗത മന്ത്രി എൻഫോഴ്സ്മെൻറ് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമായി ബസ് ഡ്രൈവർ പറയുന്നത്. അപകടത്തിൽ നാല് പേർ മരിച്ചു. മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, കാർത്തിക സ്വദേശി തട്ടാരമ്പലം അരുൺ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത്, മാവേലിക്കര സ്വദേശിനി ബിന്ദു എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെ 6.15 നാണ് അപകടം. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബ്രേക്ക് പൊട്ടി വാഹനം റോഡിൻ്റെ ബാരിക്കേഡ് തകർത്ത് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇവിടെ റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നതിനാൽഒഴിവായത് വൻ ദുരന്തമാണ്. അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവർ പാലായിലെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ആശുപത്രിയിലുമായിട്ടാണ് ചികിത്സയിൽ കഴിയുന്നത്.