സ്‌കൂളുകളിൽ നിന്നുള്ള പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും വരത്തക്ക രീതിയിൽ വേണം തുക നിശ്ചയിക്കാനെന്ന് പുതിയ സർക്കുലറിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പണം ഇല്ല എന്ന കാരണത്താൽ ഒരു വിദ്യാർഥിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്.
ഇത്തരത്തിൽ സൗജന്യമായി ഏതെങ്കിലും വിദ്യാർഥിയെ പഠനയാത്രയിൽ ഉൾപ്പെടുത്തിയാൽ ഈ വിവരം മറ്റു കുട്ടികൾ അറിയാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു.
പഠനയാത്രയോടൊപ്പം കൂടെ പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് കുട്ടികളിൽ നിന്നും ഈടാക്കരുതെന്നും സർക്കുലറിൽ പ്രത്യേക നിർദേശമുണ്ട്. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള എല്ലാ സ്‌കൂളുകൾക്കും നിർദേശം ബാധകമാണെന്ന് സർക്കുലറിൽ പറയുന്നു.