കോട്ടയത്ത് ഇന്ന് കുട്ടിപ്പാപ്പാമാരുടെ മാമാങ്കമായിരുന്നു. കുഞ്ഞു സാന്റാക്ളോസുകൾ പാട്ടുപാടിയും നൃത്തം ചെയ്തും വേദി കീഴടക്കിയപ്പോൾ കണ്ടുനിന്നവർക്കും ദൃശ്യവിരുന്നായി അത് മാറി. ഹൊറൈസൺ മോട്ടോഴ്സും കുട്ടികളുടെ ദീപികയും സംയുക്തമായി നടത്തിയ കുട്ടി പാപ്പ മത്സരത്തിലാണ് കുഞ്ഞു പാപ്പമാർ അണിനിരന്നത്. Horizon Motors – Children’s Deepika Kuttipapa Competition: Video
കോട്ടയം അടിച്ചിറയിലുള്ള ഹൊറൈസൺ മഹീന്ദ്ര ഷോറുമിലായിരുന്നു കുട്ടി പാപ്പ മത്സരം നടന്നത്. ദീപിക ചിൽഡ്രൻസ് ലീഗ് എക്സിക്യൂട്ടീവ് സെക്രട്ടറി, ദീപിക കൊച്ചേട്ടൻ എന്നറിയപ്പെടുന്ന ഫാ. റോയ് കണ്ണഞ്ചിറ സി.എം.ഐ മത്സരം ഉത്‌ഘാടനം ചെയ്തു.
എൽ കെ ജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികളുടെ മത്സരമാണ് ആദ്യം നടന്നത്. രണ്ടാം ക്ലാസ് മുതൽ 10 വയസു വരെ പ്രായമുള്ള കുട്ടികളുടെ മത്സരമായിരുന്നു രണ്ടാമത് നടന്നത്.
കുട്ടിത്തം തുളുമ്പുന്ന കുഞ്ഞു സാന്റാകൾ ചിരിച്ചും നാണിച്ചും ഓരോരുത്തരായി വേദിയിലെത്തി. ചിലർ ചിണുങ്ങി പിന്മാറിയപ്പോൾ ചിലർ കാണികളെ വിസ്‌മയിപ്പിക്കുന്ന ചുവടുകളുമായി കളംപിടിച്ചു. ഇരു വിഭാഗങ്ങളിലുമായി നാല്പതോളം കുട്ടികൾ മത്സരിച്ചു.
മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഫാ. റോയ് കണ്ണഞ്ചിറ സി.എം.ഐ, ഹൊറൈസൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ എസ് കണ്ണിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.