കൈവിരലുകൾക്കിടയിലൂടെ പന്ത് തെന്നിച്ച് വിടുന്നൊരു ഇന്ദ്രജാലമുണ്ട്. ബാറ്റ്‌സ്മാന്റെ സർവ്വ കണക്കുകൂട്ടലുകളും തെറ്റിച്ച് സ്റ്റംപ് പിഴിയുന്ന ആ മായാജാലം പലകുറി ലോകത്തെ കാട്ടിക്കൊടുത്ത് വിസ്മയിപ്പിച്ച ഒരു ബൗളറുണ്ട്. അദ്ദേഹത്തിന്റെ പേരാണ് രവിചന്ദ്ര അശ്വിൻ എന്ന ആർ അശ്വൻ. തമിഴ്‌നാട്ടിലെ സാധാരണക്കാരനായ പയ്യനിൽ നിന്ന് ലോക ക്രിക്കറ്റിലെ ബൗളിങ് ചാണക്യനായുള്ള അശ്വിന്റെ വളർച്ച ഒരു സിനിമാ കഥയെന്നപോലെ വ്യത്യസ്തമാണ്.
ബാറ്റ്‌സ്മാന്റെ ചിന്തകൾക്കപ്പുറം പന്തെറിഞ്ഞ് വിക്കറ്റ് കൊയ്യുന്ന അശ്വിനെ ഇന്ത്യൻ ക്രിക്കറ്റിലെ ചാണക്യനെന്ന് തന്നെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ഗാബ ടെസ്റ്റിന് വിരാമമാകവെ അശ്വിനും ഇന്ത്യൻ ജേഴ്‌സിയോട് വിടപറയുകയാണ്. തികച്ചും അപ്രതീക്ഷിതമായാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച സ്പിൻ ഓൾറൗണ്ടറെന്ന അഭിമാന നേട്ടത്തോടെതന്നെയാണ് ആർ അശ്വിന്റെ പടിയിറക്കം.
ഇന്ത്യൻ ക്രിക്കറ്റ്ആരാധകരെ ഞെട്ടിച്ച ഈ തീരുമാനം ഇന്നത്തെ മത്സരശേഷം അശ്വിൻ പ്രഖ്യാപിക്കുക ആയിരുന്നു. ഗാബ ടെസ്റ്റിന്റെ ഭാഗം ആകാതിരുന്ന അശ്വിൻ ബോർഡർ ഗവാസ്‌ക്കർ പരമ്പരയിലെ പിങ്ക് ബോൾ ടെസ്റ്റ് കളിച്ച ടീമിന്റെ ഭാഗം ആയിരുന്നു.
38 കാരനായ സ്പിന്നർ അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ്. 2011 നവംബർ 6 ന് ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്‌ക്കായി തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശേഷം, അശ്വിൻ 106 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചു. 537 വിക്കറ്റ് നേടി. ടെസ്റ്റിൽ അനിൽ കുംബ്ലെ (619) മാത്രമാണ് അദ്ദേഹത്തെക്കാൾ മുമ്പിലുള്ളത്.
ഇന്ത്യക്കായി 41 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) മത്സരങ്ങൾ കളിച്ചിട്ടുള്ള അശ്വിൻ 195 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ സൂപ്പർ പ്രകടനത്തിന് പുറമെ, ഇന്ത്യക്കായി 116 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അശ്വിൻ യഥാക്രമം 156, 72 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
വിരമിക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അശ്വിന്റെ വാക്കുകൾ
ഈ പ്രസ് കോൺഫറൻസിൽ, രോഹിതിനൊപ്പം ഇരിക്കുമ്പോൾ, ഒരു നിർഭാഗ്യവാനെപ്പോലെയാണ് സ്വയമെനിക്ക് തോന്നുന്നത്. ഞാൻ നിങ്ങളുടെ അധികം സമയം അപഹകരിക്കില്ല, ഈ വർഷം ഇന്ത്യൻ ക്രിക്കറ്റർ എന്ന നിലയിൽ അന്താരാഷ്ട്ര കരിയറിലെ എന്റെ അവസാന വർഷം ആയിരിക്കും.
ഒരു ക്രിക്കറ്റർ എന്ന നിലയിൽ പൂർണമായി ഞാൻ ഒന്നും അവസാനിപ്പിക്കുന്നില്ല, ആഭ്യന്തരതലത്തിലും ക്ലബ് തലത്തിലും എന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നു, എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇതെന്റെ അവസാന ദിനമാണ്. രോഹിത് അടക്കമുള്ള എന്റെ ടീമംഗങ്ങളുമൊത്തുള്ള നിരവധി രസകരമായ നിമിഷങ്ങളും ഒത്തിരി ഓർമകളും എനിക്കുണ്ട്. അക്കൂട്ടത്തിൽ ചിലരെ കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് ടീമിൽ നിന്നും ഞങ്ങൾക്ക് നഷ്ടമായിട്ടുണ്ട്.
ഡ്രസ്സിംഗ് റൂമിൽ ബാക്കിയാകുന്ന ഓൾഡ് ഗ്യാങ്ങിലെ അവസാന ബഞ്ചുകാരാണ് ഞങ്ങൾ. ഇന്നേ ദിവസം അതേ ഡ്രംസ്സിംഗ് റൂമിലെ എന്റെയും അവസാന ദിനമാണ്. ഒരുപാട് പേരോട് ഈയവസരത്തിൽ നന്ദി പറയാനുണ്ട്, എന്നാൽ ആദ്യം ബിസിസിഐയോടും എന്റെ ടീം അംഗങ്ങളോടും ആ കടമ ചെയ്തില്ലെങ്കിൽ അതെന്റെ വലിയ വീഴ്ച്ചയായിരിക്കും.
എന്റെ പരിശീലകർ ഉൾപ്പെടെ ചിലരുടെ പേരുകൾ എടുത്തു പറയേണ്ടതുണ്ട്. രോഹിത്, വിരാട്, അജിങ്ക്യ, പൂജാര; ഇവരാണ് ബാറ്റർമാരുടെ ചുറ്റും നിന്ന് കഴിഞ്ഞ കാലങ്ങളിലായി വളരെയേറെ ക്യാച്ചുകൾ കൈകളിലാക്കി എന്റെ വിക്കറ്റിന്റെ നമ്പറുകൾ കൂട്ടി തന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ഞങ്ങളുടെ ശക്തരായ എതിരാളികളായ ഓസ്‌ട്രേലിയൻ ടീമിനോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്.
ഞാനും ടീമും അവരുമായുള്ള കളികൾ ഏറെ ആസ്വദിച്ചിട്ടുണ്ട്. ഞാൻ ഒരുപാട് സംസാരിച്ചതായി തോന്നുന്നു, എനിക്ക് ചോദ്യങ്ങൾ നേരിടാൻ ഇപ്പോൾ സാധ്യമല്ല, ശരിക്കും വൈകാരികമായ നിമിഷങ്ങളാണിത്. നിങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ എനിക്കിപ്പോൾ കഴിയുകയില്ല.
മാധ്യമപ്രവർത്തകരെന്ന നിലയിൽ നിങ്ങളുടെ ജോലി ചെയ്യുന്നതിലും, ചില സമയങ്ങളിൽ നല്ല കാര്യങ്ങളും ചില സമയങ്ങളിൽ മോശം കാര്യങ്ങൾ എഴുതിയതിനും ഒരിക്കൽ കൂടി നന്ദി പറയുന്നു. കഴിഞ്ഞ കൊല്ലങ്ങളിലെല്ലാം നമ്മൾ നിലനിർത്തിയ ഈ സ്‌നേഹബന്ധം, ഇതേ രീതിയിൽ മറ്റ് ക്രിക്കറ്റ് കളിക്കാരുമായും നിങ്ങൾ നിലനിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഒരു കളിക്കാരൻ എന്ന നിലയിൽ മാത്രമാണ് ഞാൻ ക്രിക്കറ്റിനോട് വിട പറയുന്നത്, ഈ കളിയുമായുള്ള ബന്ധം ഞാനൊരിക്കലും ഉപേക്ഷിക്കുന്നില്ല, ഇതാണ് എനിക്ക് എല്ലാം തന്നത്.