പത്തനംതിട്ട: റാന്നി സ്വദേശി അമ്പാടി സുരേഷിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതികളെ പിടികൂടി. റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്.
ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ഇവർ അമ്പാടിയെ കൊലപ്പെടുത്തിയത്. സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ കൊച്ചിയിലേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്നാണ് ഇപ്പോൾ പ്രതികൾ പിടിയിലായിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് മന്ദമരുതിയിൽ നടുറോഡിൽ അരും കൊല നടന്നത്. 24 വയസുകാരനായ അമ്പാടി സുരേഷിനെ കാർ ഇടിച്ചാണ് ഇവർ കൊലപ്പെടുത്തിയത്.