മസ്‌കറ്റ്: വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ചൈനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇന്ത്യ. 3 -2 നാണ് ഇന്ത്യൻ വിജയം. മസ്‌കറ്റിലെ അമീറാത്ത് ഹോക്കി സ്‌റ്റേഡിയത്തിൽ നടന്ന കലാശക്കൊട്ടിൽ മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ കലാശിച്ചത്. ഇന്ത്യൻ ഗോൾമുഖം കാത്ത നിധിയുടെ തകർപ്പൻ മൂന്ന് സേവുകളാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്.
ഷൂട്ടൗട്ടിൽ ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യമെത്തിയ സാക്ഷി റാണ ലക്ഷ്യം കണ്ടു. എന്നാൽ രണ്ടാം അവസരത്തിൽ മുംതാസ് ഖാന് പിഴച്ചു. മൂന്നാം അവസരത്തിൽ ഇഷിക വല കുലുക്കി. എന്നാൽ നാലാമൂഴത്തിൽ കനികയ്‌ക്ക് ലക്ഷ്യം പിഴച്ചു. ചൈനയുടെ ആദ്യ അവസരത്തിൽ വാങ് ലി ഹാങ്ങിന്റെ ഷോട്ട് നിധിയുടെ അസാധ്യ സേവിൽ നിഷ്പ്രഭമാവുകയായിരുന്നു. എന്നാൽ തുടർന്നുള്ള രണ്ട് അവസരങ്ങളിലും ചൈന ലക്ഷ്യം കണ്ടു. പക്ഷെ നാലാമത്തെയും അഞ്ചാമത്തെയും അവസരങ്ങൾ നിധിയുടെ ചടുലനീക്കത്തിൽ തകർന്നു.
ഇന്ത്യയ്‌ക്ക് വേണ്ടി അഞ്ചാമൂഴത്തിൽ സുനലിക ടോപ്പോ ലക്ഷ്യം കണ്ടതോടെ ഇന്ത്യ കിരീടം ചൂടി. ഹാഫ് ടൈമിൽ ചൈനയായിരുന്നു ഏറെ മുന്നിൽ. എന്നാൽ 41 ആം മിനിറ്റിൽ ഇന്ത്യ ഗോൾ മടക്കി സമനില പിടിക്കുകയായിരുന്നു. ജപ്പാനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.