പാരിസ്:ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലേക്ക് യേശുവിന്റെ മുൾക്കിരീടം വീണ്ടും പരസ്യവണക്കത്തിനു തിരിച്ചെത്തുന്നു. ഓടപ്പുല്ലിൽ തീർത്ത വൃത്താകൃതിയിലുള്ള നിർമ്മിതി സ്ഫടികത്തിലും സ്വർണ്ണ ട്യൂബിലും പൊതിഞ്ഞാണ് ദേവാലയത്തിലേക്ക് തിരികെ എത്തിച്ചിരിക്കുന്നത്.
പീഡാസഹന, കുരിശുമരണ സമയത്ത് യേശു ധരിച്ചിരുന്ന മുൾക്കിരീടം (തിരുമുടി) പ്രത്യേക പേടകത്തിലാക്കി നേരത്തെ നോത്രദാമിൽ പരസ്യവണക്കത്തിനു വച്ചിരുന്നു.
2019ലെ തീപിടിത്തത്തിൽ കത്തീഡ്രലിന്റെ ഒരു ഭാഗം കത്തിയമർന്ന സമയത്ത് ഇതുൾപ്പെടെയുള്ള തിരുശേഷിപ്പുകൾ സുരക്ഷിതസ്ഥലത്തേക്കു മാറ്റിയിരുന്നു.
കത്തീഡ്രൽ നവീകരിച്ച് കൂദാശ ചെയ്ത് കഴിഞ്ഞ ദിവസം തീർഥാടകർക്കായി തുറന്നുകൊടുത്തിരുന്നു. ഇതത്തുടർന്ന് പാരിസ് ആർച്ച്ബിഷപ്പിന്റെ പ്രധാന കാർമികത്വത്തിൽ നടന്ന ചടങ്ങിൽ തിരുമുടി കത്തീഡ്രലിലെത്തിച്ചു.
ജനുവരി 10 മുതൽ ഏപ്രിൽ 18 വരെ എല്ലാ വെള്ളിയാഴ്ചയും തിരുമുടി പരസ്യവണക്കത്തിനു സൗകര്യമുണ്ടാകും. അതിനുശേഷം എല്ലാ മാസാദ്യ വെള്ളിയാഴ്ച മാത്രമേ ഈ സൗകര്യമുണ്ടായിരിക്കുകയുള്ളു.
തിരുമുടിയെക്കുറിച്ചു പ്രചാരമുണ്ടാകുന്നത് അഞ്ചാം നൂറ്റാണ്ടിൽ ജറുസലം തീർഥാടകരിൽനിന്നാണെന്ന് രേഖകൾ പറയുന്നു. 10–ാം നൂറ്റാണ്ടിൽ ഇത് കോൺസ്റ്റാന്റിനോപ്പിളിലേക്കു മാറ്റിയിരുന്നു. പിന്നീട്. 1239ൽ ഫ്രാൻസിലെ ലൂയി ഒൻപതാമൻ രാജാവ് ഇതു പാരിസിലെത്തിച്ച് നോത്രദാം കത്തീഡ്രലിൽ സൂക്ഷിക്കുകയായിരുന്നു.