ഇന്ത്യൻ കമ്പനികൾക്ക് സ്വിസ് സർക്കാരിന്റെ ഭാഗത്തുനിന്നും വൻ തിരിച്ചടി. മുൻഗണനാപട്ടികയിൽ നിന്നും ഇന്ത്യൻ കമ്പനികളെ ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയ്ക്ക് സ്വിറ്റ്സർലൻഡ് എംഎഫ്എൻ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവിയാണ് ഇതുവരെ നൽകിയിരുന്നത് എന്നാൽ ഈ പദവിയാണ് ഇപ്പോൾ അകാരണമായി എടുത്തു കളഞ്ഞത്. ഇതിന്റെ തിരിച്ചടി ഭീകരമാണെന്ന് വിദഗ്ദർ പറയുന്നു. അടുത്ത ജനുവരി 1 മുതൽ പൗരന്മാരും സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങളും കമ്പനികളും പൗരന്മാരും ഉയർന്ന നികുതി നൽകേണ്ടി വരുമെന്നതാണ് പ്രധാന വെല്ലുവിളി. ഇപ്പോൾ അഞ്ച് ശതമാനം നികുതിയാണ്. ഇനി മുതൽ പത്ത് ശതമാനം നികുതി നൽകേണ്ടി വരും.
ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡിടിഎഎ) പ്രകാരമാണ് ഇന്ത്യൻ കമ്പനികൾക്ക് സ്വിസ് സർക്കാർ മുൻഗണനാ പട്ടികയിൽ ഇടം നൽകിയിരുന്നത്. ഇന്ത്യൻ സുപ്രീം കോടതിയുടെ തീരുമാനത്തെ തുടർന്നാണ് ഇത്തരത്തിൽ പുതിയ നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് സ്വിസ് സർക്കാർ പറയുന്നത്. കഴിഞ്ഞ വർഷം നെസ്‌ലെയുമായി ബന്ധപ്പെട്ട ഒരു കേസാണ് പ്രധാന കാരണം. ആദായനികുതി നിയമപ്രകാരം വിജ്ഞാപനം ചെയ്തില്ലെങ്കിൽ ഇരട്ട നികുതി കരാർ നടപ്പിലാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വിസ് സർക്കാർ ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
എംഎഫ്എൻ പദവി പിൻവലിച്ചതിനാൽ സ്വിസ് വിത്ത് ഹോൾഡിംഗ് ടാക്‌സ് റീഫണ്ട് ക്ലെയിം ചെയ്യുന്ന സ്വിറ്റ്സർലൻഡിലുള്ള ഇന്ത്യക്കാർക്കും മറ്റ് രാജ്യക്കാർക്കും ജനുവരി മുതൽ ഇരട്ടി നികുതി ചുമത്തും. ആദായ നികുതിയുമായി ബന്ധപ്പെട്ട് ഇരട്ട നികുതി ഒഴിവാക്കുന്നതിന് ഇന്ത്യയും സ്വിറ്റ്‌സർലൻഡും തമ്മിൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ (wto) 164 രാജ്യങ്ങളാണ് അംഗങ്ങളായി ഉള്ളത്. ഇതിന് കീഴിലുള്ള എല്ലാ രാജ്യങ്ങളും പരസ്പരം എംഎഫ്എൻ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവി നൽകുന്നുമുണ്ട്. വലിയ തടസങ്ങൾ ഇല്ലാതെ വ്യാപാരം നടത്താൻ കഴിയുന്ന ഈ പദവി ഇരുരാജ്യങ്ങളെയും സഹായിക്കാറുണ്ട്. എന്നാൽ ഈ പദവിയാണ് ഏകപക്ഷീയമായി സ്വിസ് സർക്കാർ പിൻവലിച്ചത്