തിരുവനന്തപുരം: കേരളത്തിലെ ദുരന്ത സമയങ്ങളിൽ എയര്‍ലിഫ്റ്റിങ്ങിനായി ചെലവായ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് 132.62 കോടി രൂപയാണ് ചെലവായത്. ഈ തുക എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്നാണ് ആവശ്യപ്പെട്ടത്.(Central Government has demanded Kerala repay 132.62 crores for airlift operations)
ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് എയര്‍വൈസ് മാര്‍ഷല്‍ കത്ത് നല്‍കി. ഒക്ടോബര്‍ 22നാണ് കേരളത്തിന് കത്ത് ലഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ അഭിസംബോധന ചെയ്താണ് എയര്‍വൈസ് മാര്‍ഷല്‍ വിക്രം ഗൗര്‍ കത്ത് അയച്ചിരിക്കുന്നത്. വയനാട് ദുരന്തത്തിലെ ആദ്യ ദിനത്തില്‍ മാത്രം 8,91,23,500 രൂപ ചെലവായെന്നാണ് കേന്ദ്രം പറയുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് 69,65,46,417 രൂപയാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വയനാട് ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്രം ധനസഹായമൊന്നും അനുവദിച്ചില്ലെന്ന ആരോപണം സംസ്ഥാനം ഉന്നയിക്കുന്നതിനിടെയാണ് കത്ത് പുറത്തു വന്നിരിക്കുന്നത്.