കോഴിക്കോട്: വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപകൻ കെ.സി. അനീഷിനെയാണ് അന്വേഷണ വിധേയമായി 14 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കോഴിക്കോട് ഡിഡിഇ സി. മനോജ് കുമാറാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥി അലൻ ഷൈജുവിനാണ് മർദനമേറ്റത്. തുടർന്ന് അലന്റെ പിതാവ് അധികൃതർക്ക് പരാതി നൽകി.
മർദനത്തിൽ വിദ്യാർഥിയുടെ തോളെല്ലിന് പരിക്കുണ്ടെന്നും പരാതിയിൽ പറയുന്നു. വടകര എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകനിൽ നിന്ന് വിദ്യാർഥിക്ക് മർദനമേറ്റതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ക്ലാസ് നടക്കുന്നതിനിടയിൽ സമീപത്ത് ഇരുന്ന കുട്ടിയുമായി സംസാരിച്ചതിനാണ് അധ്യാപകൻ അടിച്ചത്. ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോൾ അധ്യാപകൻ അടിച്ച സ്ഥലത്തെ പാട് അലൻ സുഹൃത്തുക്കൾക്ക് കാണിച്ചുകൊടുക്കുകയും അവർ വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയുമായിരുന്നു.