ലണ്ടന്‍: റഷ്യയില്‍ വ്‌ലാഡിമിര്‍ പുടിന്റെ അധികാരം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനിടയിലും പൊതുഇടത്തില്‍നിന്ന് വിട്ടുനിന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍. വാഗ്‌നര്‍ മേധാവി യെവ്ഗിനി പ്രിഗോഷിന്‍ അട്ടിമറി നീക്കത്തില്‍നിന്നു പിന്മാറി ദിവസങ്ങള്‍ക്കു ശേഷവും പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ റഷ്യയുടെ സൈനിക മേധാവി വെലാരി ഗെരാസിമോവ് വിമുഖത കാണിച്ചു. ജൂണ്‍ 9നുശേഷം ഒരു പത്രപ്രസ്താവന ഇറക്കാന്‍ പോലും അദ്ദേഹം തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പാശ്ചാത്യ സൈനിക വിദഗ്ധര്‍ പറയുന്നതു പ്രകാരം റഷ്യയുടെ മൂന്ന് ന്യൂക്ലിയര്‍ ബ്രീഫ്‌കേസുകളില്‍ ഒന്നിന്റെ ഉടമ കൂടിയാണ് അറുപത്തിയേഴുകാരനായ ഗെരാസിനോവ്. യുക്രെയിനുമായുള്ള യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തെ നയിച്ചത് ഗെരാസിമോവാണ്. യുക്രെയിനിലെ റഷ്യന്‍ സേനയുടെ ഡപ്യൂട്ടി കമാന്‍ഡറും സിറിയന്‍ സംഘര്‍ഷങ്ങളിലെ സൂത്രധാരനുമായ ജനറല്‍ സെര്‍ജി സുറോവിക്കിനും പൊതുവിടങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. റഷ്യയിലെ ആഭ്യന്തരകലാപത്തില്‍ അദ്ദേഹത്തിനു പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടക്കുന്നതായി കഴിഞ്ഞ ദിവസം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുറോവിക്കിന്‍ അറസ്റ്റിലായി എന്നതു സംബന്ധിച്ച വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
എന്നാല്‍ പലവിധത്തിലുള്ള ഗോസിപ്പുകളും ഊഹാപോഹങ്ങളും ഉണ്ടാകുമെന്നും എല്ലാം അടിസ്ഥാനരഹിതമാണെന്നുമാണ് റഷ്യയുടെ പ്രതികരണം. സുറോവിക്കിന്റെ അറസ്റ്റ് സംബന്ധിച്ചു ചില റഷ്യന്‍ മാധ്യമങ്ങള്‍ സൈനികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
സൈനികതലത്തില്‍ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന രീതിയിലും റിപ്പോര്‍ട്ട് ഉണ്ട്. പുടിന്റെ വിശ്വസ്തരെന്നു കരുതുന്ന ചിലരുടെ പദവി ഉയര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏതു രീതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നു സംബന്ധിച്ചു പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമല്ല. ഗെരാസിനോവിനെ താഴെയിറക്കാനായി പ്രിഗോഷിന്‍ മെനഞ്ഞ തന്ത്രമാണ് ആഭ്യന്തര കലാപമെന്നാണു ചില സൈനിക വിദഗ്ധരുടെ വിലയിരുത്തല്‍.
അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച വാഗ്‌നര്‍ കൂലിപ്പട്ടാളം പിന്നീടു പിന്മാറുകയായിരുന്നു. തലസ്ഥാനമായ മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അടുത്തെത്തിയ ശേഷമാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഫലമായി കലാപസേന പിന്തിരിഞ്ഞത്. അതിനു മുന്‍പു പിടിച്ചെടുത്ത റോസ്‌തോവ് നഗരത്തിലെ സൈനിക ആസ്ഥാനവും വിട്ടുകൊടുത്തതോടെ സ്ഥിതി ശാന്തമായിട്ടുണ്ട്. വാഗ്‌നര്‍ ഗ്രൂപ്പിനെ തടയാന്‍ റഷ്യന്‍ സേനയ്‌ക്കൊപ്പം മോസ്‌കോയിലും റോസ്‌തോവിലും തമ്പടിച്ചിരുന്ന ചെചന്‍ കൂലിപ്പട്ടാളവും പിന്മാറി. റഷ്യന്‍ സേനയ്‌ക്കൊപ്പം യുക്രെയ്‌നിലെ യുദ്ധം തുടരാന്‍ വാഗ്‌നര്‍ പോരാളികളോടു നേതാവ് യെവ്ഗിനി പ്രിഗോഷിന്‍ നിര്‍ദേശിച്ചു. വാഗ്‌നര്‍ സംഘാംഗങ്ങളെ റഷ്യന്‍ സേനയിലെടുക്കാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നാണു വിവരം. കലാപത്തിനു ശ്രമിച്ചതിനു പ്രിഗോഷിനും പടയ്ക്കുമെതിരെ നടപടിയുണ്ടാകില്ലെന്നു റഷ്യ അറിയിച്ചിരുന്നു.