തൃശ്ശൂർ: ചേലക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കവെ ഇടത് ക്യാമ്പുകൾ ആവേശത്തിലാണ്. വള്ളത്തോൾ നഗർ കൂടി കഴിയുമ്പോൾ സിപിഎം കണക്ക് പ്രകാരം 8500 വോട്ട് ലീഡാണ് യുആർ പ്രദീപിന് ലഭിക്കേണ്ടത്. എന്നാൽ 6800 വോട്ടിന്റെ ലീഡാണ് പ്രദീപിന് ലഭിച്ചത്.
ചേലക്കരയിൽ 18,000 വോട്ട് ഭൂരിപക്ഷം എന്ന കണക്കാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ ആറായിരം വോട്ട് ലീഡാണ് പ്രദീപിന് ലഭിച്ചത്. നാലാം റൗണ്ട് പൂർത്തിയാകുമ്പോഴേ വള്ളത്തോൾ നഗറിൻ്റെ കണക്ക് പൂർണമാകൂ. അതിനാൽ തന്നെ മണ്ഡലത്തിലെ ട്രൻഡ് ഇടത് ക്യാംപിന്റെ കണക്ക് ശരിവെക്കുന്നു.
ഇടത് മുന്നണി സ്ഥാനാർത്ഥി യു ആർ പ്രദീപ് വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. ചേലക്കരയിൽ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ യു ആർ പ്രദീപിന് 2592 വോട്ടുകളുടെ ലീഡുണ്ട്. യു ആർ പ്രദീപിന് 4606 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 2014 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി ബാലകൃഷ്ണൻ 1034 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുണ്ട്.
വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് ചേലക്കര. യുആർ പ്രദീപിനെ ഇറക്കി മണ്ഡലം നിലനിർത്താനായിരുന്നു എൽഡിഎഫ് ശ്രമം. ഏറെക്കാലമായി എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്.
ചേലക്കരയിലെ വോട്ട് നില: ലീഡ് തുടർന്ന് പ്രദീപ്
ഇവിഎം കൗണ്ടിങ് മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില.
സ്ഥാനാർഥി (പാർട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തിൽ
യു.ആർ. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്-ചുറ്റിക അരിവാൾ നക്ഷത്രം) – 17509
കെ. ബാലകൃഷ്ണൻ (ഭാരതീയ ജനതാ പാർട്ടി-താമര) – 6758
രമ്യ ഹരിദാസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്-കൈ) – 11675
കെ.ബി ലിൻഡേഷ് (സ്വതന്ത്രൻ-മോതിരം) – 43
എൻ.കെ സുധീർ (സ്വതന്ത്രൻ-ഓട്ടോറിക്ഷ) – 1025
ഹരിദാസൻ (സ്വതന്ത്രൻ-കുടം) – 50
നോട്ട – 226