ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ തകർത്താടി. ആ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞത് ദക്ഷിണാഫ്രിക്കൻ ടീം മാത്രമല്ല, ചില റെക്കോർഡുകളും കൂടിയാണ്. ഫലമോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 135 റൺസിന്റെ കൂറ്റൻ വിജയം. India won the 4th Twenty20 against South Africa by 135 runs
ഇന്ത്യൻ ബാറ്റിങ് കരുത്തിന്റെ പ്രദർശനമായി മാറിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 283 റൺസ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറിൽ 148 റൺസിൽ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. തുടർച്ചയായ രണ്ടാം സെഞ്ചറി കുറിച്ച തിലക് വർമയാണ് കളിയിലെ കേമനും പരമ്പരയുടെ താരവും.
സെഞ്ചറി നേടിയ സഞ്ജു സാംസൺ, ഒരു കലണ്ടർ വർഷം രാജ്യാന്തര ട്വന്റി20യിൽ മൂന്ന് സെഞ്ചറി നേടുന്ന ആദ്യ താരമായി. രാജ്യാന്തര ട്വന്റി20യിൽ റൺ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കനത്ത തോൽവിയാണിത്. 2023ൽ ഡർബനിൽ ഓസീസിനോട് 111 റൺസിനു തോറ്റതായിരുന്നു ഇതുവരെയുള്ള വലിയ തോൽവി.