മലയാള സിനിമയിലെ എണ്ണംപറഞ്ഞ നിർമാതാക്കളിൽ ഒരാളാണ് സുപ്രിയ മേനോൻ. മാധ്യമ പ്രവർത്തകയായിരുന്ന സുപ്രിയ പൃഥ്വിരാജിന്റെ ഭാര്യയാകുന്നതോടെയാണ് സിനിമാ മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി തന്റേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ വ്യക്തിയാണ് സുപ്രിയ. തന്റെ കാഴ്ചപ്പാടുകളിൽ സുപ്രിയയ്ക്കുള്ള വ്യക്തത അവരുടെ അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ സുപ്രിയയുടെ നിലപാടുകളും കാഴ്ചപ്പാടുകളുമെല്ലാം ചർച്ചയാകാറുണ്ട്. സുപ്രിയയുടെ അഭിമുഖങ്ങൾക്കും ആരാധകരുണ്ട്.
ഇപ്പോഴിതാ അച്ഛന്റെ മൂന്നാം ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ. അച്ഛനെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്നാണ് സുപ്രിയ കുറിച്ചത്. അച്ഛനെ ഫോൺ വിളിച്ച് സംസാരിക്കുന്നത് മിസ് ചെയ്യുന്നുണ്ട്. അച്ഛന്റെ മണവും സ്പർശവുമെല്ലാം താൻ മറന്നു പോകുമോ എന്ന് പേടിയുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു. 2021ാണ് സുപ്രിയ മേനോന്റെ അച്ഛൻ വിജയകുമാർ മേനോൻ അന്തരിച്ചത്. അന്നു മുതൽ അച്ഛനൊപ്പമുള്ള ഓർമകൾ സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് മൂന്നു വർഷമായി. പക്ഷേ അങ്ങയെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഡാഡിയോട് സംസാരിക്കുന്നത് എനിക്ക് മിസ് ചെയ്യുന്നു. ചെറിയ കാര്യങ്ങൾ പോലും പറയാൻ ഫോണെടുത്ത് ഡാഡിയെ വിളിക്കുന്നത് മിസ് ചെയ്യുന്നു. ഇപ്പോഴും അച്ഛന്റെ നമ്പർ എന്റെ സ്പീഡ് ഡയലിലുണ്ട്.
എനിക്ക് അത് ഡിലീറ്റ് ചെയ്യാൻ പറ്റുന്നില്ല. ഒരുപാട് കാര്യങ്ങൾ ഞാൻ ഡാഡിയെ മിസ്സ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഞങ്ങളോടുള്ള കരുതൽ കാണിക്കുന്നതിന് ഡാഡിക്ക് തന്റേതായ രീതികളുണ്ടായിരുന്നു. എവിടേക്കെങ്കിലും പോയാൽ ഞാൻ അവിടെ എത്തിയോ, എന്തെങ്കിലും കഴിച്ചോ എന്നൊക്കെ വിളിച്ചു ചോദിക്കും. ആ സമയത്ത്, ഞാൻ വലുതായെന്നും ഞാനെല്ലാം സ്വന്തമായി ചെയ്യാറായെന്നുമൊക്കെയാണ് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോൾ അങ്ങനെയൊരു ഫോൺ കോൾ കിട്ടാൻ എന്റെ എല്ലാം നൽകാൻ ഞാൻ തയാറാണ്.
ഡാഡിയുടെ മണം എങ്ങനെയായിരുന്നുവെന്ന് ഞാൻ മറക്കുമോ എന്ന് ഇടയ്ക്ക് ഭയം തോന്നും. അതുപോലെ ഞാൻ തൊടുന്നത് എങ്ങനെയാണ് ഡാഡി അറിയുന്നതെന്നും ഡാഡിയുടെ തഴമ്പുള്ള കൈകൾ എന്നെ പിടിക്കുന്ന ഓർമകളും എനിക്ക് നഷ്ടമാകുമോ എന്നു തോന്നും. ഡാഡി, താങ്കൾ എനിക്ക് തന്ന സ്‌നേഹത്തിന്റെ അടുത്തുപോലുമെത്താൻ ആർക്കും സാധിക്കില്ല. ഞാനെപ്പോഴും ഡാഡിയെ മിസ് ചെയ്യും.