കല്യാണത്തിനിടെ, വധുവിന്റെ സഹോദരൻ നടത്തിയ ആഘോഷം അവസാനിച്ചത് വധുവിന്റെ ഗുരുതര പരിക്കിൽ. സഹോദരൻ ആഘോഷത്തിന്റെ ഭാഗമായി വെടിയുതിർക്കുകയായിരുന്നു. വധുവിന്റെ നെറ്റിയിലാണ് വെടിയേറ്റത്. വധു ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. The bride’s brother’s excessive celebration during the wedding leaves the bride seriously injured
സംഭവം ഇങ്ങനെ:
പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഉപ്പൽ ഹാളിലാണ് ആഘോഷം നടന്നത്. ബൽജീന്ദർ കൗർ എന്ന യുവതിയുടെ വിവാഹ ചടങ്ങ് കഴിഞ്ഞതോടെ സന്തോഷസൂചകമായി സഹോദരൻ ഗുർപ്രീത് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ, അബദ്ധത്തിൽ ഒരു വെടിയുണ്ട വധുവിന്‍റെ ദേഹത്ത് തറയ്ക്കുകയായിരുന്നു.
ബൽജീന്ദർ വരൻ അമൃതപാൽ സിങ്ങിനൊപ്പം യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വെടിയുണ്ട നെറ്റിയിൽ തറച്ചത്. ഉടനെ ബൽജീന്ദർ കൗറിനെ ആശുപത്രിയിൽ എത്തിച്ചു. ഫിറോസ്പൂരിലെ ബാഗി ആശുപത്രിയിൽ നിന്ന് പിന്നീട് ലുധിയാനയിലെ ഡിഎംസിഎച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഗുർപ്രീത് മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഗുർപ്രീതിനെതിരെ കേസെടുത്തു. ഹാൾ ഉടമയ്ക്കെതിരെയും കേസ്സെടുത്തിട്ടുണ്ട്.