മൂന്ന് ദിവസം മുൻപ് ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി.
ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. The body of a student who went missing from Kottayam Etumanoor was found in Meenachilar
പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. മൂന്നു ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളജ് ബസ്സിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
വിദ്യാർഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു.
സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.