എന്ത് കഴിക്കുന്നു എന്നതു പോലെതന്നെ പ്രധാനമാണ് എങ്ങനെ കഴിക്കുന്നു എന്നതും. ചിലര്‍ ഭക്ഷണക്രമത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുമെങ്കിലും ഭക്ഷണ ശീലങ്ങളില്‍ അലസത കാണിക്കാറുണ്ട്. ഇത് ജീവനുതന്നെ അപായമുയര്‍ത്തുന്ന പല വിധ രോഗങ്ങളിലേക്ക് നയിക്കാം. ഇനി പറയുന്ന ചില ഭക്ഷണശീലങ്ങള്‍ ഒഴിവാക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്
പ്രഭാത ഭക്ഷണം കഴിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് അതൊഴിവാക്കി അതിനും കൂടി ചേര്‍ത്ത് ഉച്ചയ്ക്ക് അമിതമായി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ചയാപചയ ക്രമത്തെയും ഇത് ബാധിക്കും.
കൃത്യസമയത്ത് കഴിക്കാതിരിക്കുന്നത്
ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു ചിട്ട വേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്തല്ലാതെ തോന്നിയ സമയത്തൊക്കെ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ അവതാളത്തിലാക്കും. ഇത് അമിതവണ്ണത്തിനും കാരണമാകാം.
ജങ്ക് ഫുഡ്
സംസ്‌കരിച്ച ഭക്ഷണം, ജങ്ക് ഫുഡ്, മധുരപാനീയങ്ങള്‍ എന്നിവ പതിവാക്കുന്നത് പലതരത്തിലുള്ള അര്‍ബുദ സാധ്യത ശരീരത്തിലുണ്ടാക്കും. തൈറോയ്ഡ്, അന്നനാളി, വൃക്ക, ഗര്‍ഭപാത്രം, കരള്‍, വയര്‍, പാന്‍ക്രിയാസ് എന്നിവയുള്‍പ്പെടെ 13 ഇടങ്ങളിലെ അര്‍ബുദത്തിനുള്ള സാധ്യത അനാരോഗ്യകരമായ ഭക്ഷണം പല മടങ്ങ് വര്‍ധിപ്പിക്കും.
വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത്
ഭക്ഷണം സാവധാനം ചവച്ചരച്ച് വേണം കഴിക്കാന്‍. ടിവിയും മൊബൈലും നോക്കിയിരുന്ന് വളരെ വേഗം ഭക്ഷണം വാരിതിന്നുന്നത് ചയാപചയത്തെയും ദഹനപ്രക്രിയയെയും ബാധിക്കും. ഭക്ഷണത്തിലെ പോഷണങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കാതിരിക്കാനും ഇത് കാരണമാകും.
വെള്ളം കുടിക്കാതിരിക്കല്‍
ഭക്ഷണം പോലെതന്നെ പ്രധാനമാണ് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും. ശരീരത്തിലെ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാനും ദഹനം ഉള്‍പ്പെടെയുള്ള പ്രക്രിയകള്‍ ശരിയായി നടക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ഭക്ഷണം കഴിഞ്ഞ ഉടനെയുള്ള വിശ്രമം
അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്നാണ് പണ്ടുള്ളവര്‍ പറയുക. ഭക്ഷണശേഷം കുറച്ച് ദൂരം നടക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കും. ഇതിനാല്‍ ഭക്ഷണശേഷം ചുരുണ്ടു കൂടി കിടക്കാതെ ശരീരം അല്‍പം അനക്കാന്‍ അനുവദിക്കേണ്ടതാണ്.