ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗര്‍ ടൗണില്‍ രണ്ടാഴ്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുരങ്ങിനെ പിടികൂടി. 20 ആളുകളെ ആക്രമിച്ച കുരങ്ങിനെ നീണ്ട പരിശ്രമത്തിനു പിന്നാലെയാണു പിടികൂടിയത്. ഡ്രോണ്‍ ഉപയോഗിച്ചാണു കുരങ്ങിരിക്കുന്ന സ്ഥാനം കണ്ടെത്തിയത്. പിടികൂടിയ കുരങ്ങിനെ കൂട്ടിലിട്ടു. കുരങ്ങിനെ പിടികൂടി നല്‍കുന്നവര്‍ക്ക് 21,000 രൂപ പ്രതിഫലം ജില്ലാഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
ജനാലകളിലും മേല്‍ക്കൂരകളിലും നിന്നും ആളുകളുടെ നേരെ ചാടി കുരങ്ങ് ആക്രമിക്കുന്നത് പതിവായിരുന്നു. കുരങ്ങന്റെ ആക്രമണത്തിന് ഇരയായ 20 പേരില്‍ എട്ടുപേര്‍ കുട്ടികളാണ്. നിരവധി തവണ കുരങ്ങിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു. തുടര്‍ന്നാണു ജില്ലാഭരണകൂടം കുരങ്ങിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചത്.
”കുരങ്ങിനെ പിടികൂടാനുള്ള മാര്‍ഗം മുനിസിപാലിറ്റിക്കുണ്ടായിരുന്നില്ല. ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ഉജ്ജെയിനിലെ വനംവകുപ്പിലെ രക്ഷാപ്രവര്‍ത്തന സംഘത്തെ വിളിച്ചു. മുനിസിപ്പാലിറ്റി സ്റ്റാഫും പ്രദേശവാസികളും സഹായിച്ചു. നാലുമണിക്കൂറെടുത്താണ് കുരങ്ങിനെ പിടികൂടിയത്”-രാജ്ഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വിനോദ് സഹു പറഞ്ഞു. പ്രഖ്യാപിച്ച 21,000 രൂപ രക്ഷാപ്രവര്‍ത്തന സംഘത്തിനു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.