പാലക്കാട്: ബിജെപിയുമായി കടുത്ത ഭിന്നതയിൽ തുടരുന്ന സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ശ്രമവുമായി ആർഎസ്എസ്-ബിജെപി നേതാക്കൾ. ബിജെപി നേതാവ് പി.ആർ ശിവശങ്കർ, ആർഎസ്എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ തുടങ്ങിയവർ സന്ദീപിന്റെ വീട്ടിലെത്തി. അടച്ചിട്ട മുറിയിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച.(RSS-BJP leaders visited Sandeep Warrier’s house)
കഴിഞ്ഞ കുറച്ച് ദിവസമായി പാർട്ടിയോട് ഇടഞ്ഞു നിൽക്കുകയാണ് സന്ദീപ്. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട്ടെ സ്ഥാനാർത്ഥിയെയും സംസ്ഥാന നേതൃത്വത്തെയും പരസ്യമായാണ് അദ്ദേഹം വിമർശിച്ചത്. പാർട്ടിയിൽ നിന്ന് നിരന്തരം അവഗണന നേരിട്ട് അപമാനിതനായെന്നും പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമിച്ചില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. അമ്മ മരിച്ചിട്ടുപോലും തന്റെ വീട്ടിൽ വരാത്ത പാലക്കാട്ടെ സ്ഥാനാർഥി സി. കൃഷ്ണകുമാറിനായി പ്രചാരാണത്തിനിറങ്ങില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
നേരത്തെ ബിജെപി സംസ്ഥാന സമിതിയംഗം പി.ആർ ശിവശങ്കറും സന്ദീപ് വാര്യരെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയെന്നാണ് ശിവശങ്കർ വ്യക്തമാക്കിയത്. ഒരാളെയും പാര്‍ട്ടിയില്‍ നിന്ന് വിടില്ലെന്നും അദ്ദേഹം പറഞ്ഞു.