ലക്നൗ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ വഴി ഓർഡറുകളെടുത്ത് ഓൺലൈൻ തോക്ക് കച്ചവടം Online gun sales. അനധികൃത തോക്ക് കൈമാറ്റത്തിനിടെ ഏഴംഗ സംഘം പോലിസിന്റെ പിടിയിൽ. ഇത്തരത്തിൽ ഓർഡർ നൽകിയ ആൾക്ക് തോക്കു നൽകാനായി പോകുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം.
അഞ്ച് അനധികൃത തോക്കുകളും വെടിയുണ്ടകളും ഒരു ബൈക്കും ഒരു കാറും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം അനധികൃത തോക്ക് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുസഫർ നഗറിന് പുറമെ യുപിയുടെ വിവിധ പ്രദേശങ്ങളിൽ ഇവർ തോക്ക് കച്ചവടം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
നിയമവിരുദ്ധമായി ഒരു പിസ്റ്റൾ വാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെന്ന രഹസ്യ വിവരം പൊലീസിന് കിട്ടുകയായിരുന്നു. തുടർന്ന് വ്യാപകമായ വാഹന പരിശോധന നടത്തി. സോഷ്യൽ മീഡിയയിലൂടെ ഓർഡർ ചെയ്തവർക്ക് അനധികൃതമായി തോക്ക് കൈമാറാൻ പോകുന്നതിനിടെ സംഘം പൊലീസിന്റെ വലയിൽ അകപ്പെടുകയായിരുന്നു.
അസം റിസ്‍വി, വിവേക് നഗാർ, മാനിഷ് കുമാർ, പ്രദീപ് കുമാർ, റിഷഭ് പ്രജാപതി, വിശാൽ, പ്രതിക് ത്യാഗി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തോക്കുകൾ ഓർഡർ ചെയ്തവർക്ക് എത്തിച്ചു കൊടുക്കുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസും പറയുന്നു.
പിടിയിലായവരിൽ വിശാലും പ്രദീപും തോക്കുകൾ വാങ്ങാനായി എത്തിയതാണെന്നാണ് മുസഫർ നഗർ പൊലീസ് സൂപ്രണ്ട് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. പ്രതീക് ത്യാഗിയുടെ സഹായത്തോടെയാണെത്രെ ഇവർ തോക്ക് വിൽപന സംഘവുമായി ബന്ധപ്പെട്ടത്. ഇടപാടുകൾക്കുള്ള പണം സ്വീകരിച്ചിരുന്നതും ഓൺലൈൻ വഴി തന്നെയായിരുന്നു.