തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷ ഇനി ഏകജാലകം വഴി നടപ്പിലാക്കും. നിലവിൽ സ്കൂളുകൾ വഴിയാണ് കമ്യൂണിറ്റി ക്വാട്ട പ്രവേശനം നടപ്പിലാക്കുന്നത്. സ്കൂൾ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എൻട്രി നടത്തുന്നത്. എന്നാൽ ഈ രീതി പൂർണമായും അവസാനിപ്പിക്കാനാണ് തീരുമാനം.(Plus One community quota admissions single window system from the next academic year)
പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ അതത് സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിലെ കുട്ടികൾക്കേ ഈ സീറ്റിൽ പ്രവേശനം പാടുള്ളൂ. എന്നാൽ, ചില മാനേജ്‌മെന്റുകൾ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.
ഇത്തവണ പ്ലസ്‌വൺ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയിൽ ഉൾപ്പെട്ടത്. 21,347 സീറ്റിൽ പ്രവേശനം നടന്നു. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്.