ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം അനുവദിച്ച് കോടതി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടു വർഷത്തിനു ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്. (Aam Aadmi Party leader Satyendar Jain granted bail on Money laundering case)
കേസിൽ 2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ജെയിനുമായി ബന്ധപ്പെട്ട 4 കമ്പനികളിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇ.ഡിയും സത്യേന്ദ്ര ജെയിനും സമർപ്പിച്ച ഹർജികൾ പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് രണ്ട് വർഷം പിന്നിട്ടിട്ടും ജെയിനിനെ വീണ്ടും ജയിലിലടയ്ക്കുന്നത് കൊണ്ട് യാതൊരു ലക്ഷ്യവുമില്ലെന്ന് ജെയിനിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഇ.ഡി കോടതിയിൽ വാദിച്ചത്.