ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തിലാണ് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുക. അധ്യക്ഷ സ്ഥാനത്തുള്ള പി ടി ഉഷയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും ചര്‍ച്ച ചെയ്യും എന്നാണ് വിവരം.(P T usha faces no-confidence motion)
പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര്‍ പി ടി ഉഷക്ക് എതിരാണ്. അധികാരത്തിലെത്തി രണ്ട് വര്‍ഷമാകുന്നതിന് മുന്‍പാണ് പി ടി ഉഷയ്‌ക്കെതിരെ കരുക്കൾ നീക്കിയത്. ഐ ഒ എയുടെ ഭരണഘടന ഉഷ ലംഘിച്ചതായാണ് പ്രധാന ആരോപണം. ഇതിന് പുറമേ കായിക മേഖലയ്ക്ക് ഹാനികരമാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആരോപിക്കുന്നു.
പാരീസ് ഒളിമ്പിക്സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സി എ ജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സി എ ജിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ പി ടി ഉഷ നിഷേധിച്ചിരുന്നു.