കാസർകോട്: സംസ്ഥാനത്ത് വീണ്ടും ശസ്ത്രക്രിയക്കിടെ പിഴവ്. പത്തുവയസ്സുകാരന് ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം കാലിലെ ഞരമ്പ് മുറിച്ചതായാണ് പരാതി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. കാസർകോട് പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിനാണ് ദുരനുഭവം ഉണ്ടായത്.(10 Year Old Boy Suffers Medical Negligence During Hernia Surgery)
ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. സെപ്തംബർ 19 നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താൻ വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ ഡോക്ടർ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കണ്ണൂരിലെ ആശുപത്രിച്ചെലവ് ഡോക്ടർ കൊടുത്തെങ്കിലും ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടർക്ക് 1500 രൂപയും കൈക്കൂലി നൽകിയതായും കുട്ടിയുടെ പിതാവ് അശോകൻ പറഞ്ഞു.
രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ പ്രധാന ഞരമ്പ് തുന്നിച്ചേർക്കുകയോ ഹെർണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയുന്നില്ല എന്ന് കാണിച്ച് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്.