കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽവച്ച് അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ച് ആരോഗ്യ സർവകലാശാല ആദ്യ ആഗ്രഹം സഫലമാക്കി. ഇപ്പോഴിതാ രണ്ടാമത്തെ ആഗ്രഹവും.Dr. Vandana Das Memorial Clinic will start functioning on 10th of this month
മകളെക്കുറിച്ചുള്ള ഓർമകൾ നൽകുന്ന വേദനയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കി ഡോക്ടർ വന്ദനാ ദാസിന്റെ മാതാപിതാക്കൾ.
സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ക്ലിനിക് ഈ മാസം പത്തിന് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ പ്രവർത്തനം തുടങ്ങും.
മകൾ നഷ്ടമായ ദു:ഖം അവളുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കി അതിജീവിക്കുകയാണ് ഡോക്ടർ വന്ദനദാസിന്റെ മാതാപിതാക്കൾ. തൃക്കുന്നപ്പുഴയിലെ പല്ലനയാറ്റിന്റെ തീരത്തുള്ള അമ്മവീടിന്റെ അടുത്ത് ഒരു ആശുപത്രി എന്നത് വന്ദനയുടെ സ്വപ്‌നമായിരുന്നു. ഇതാണ് മാതാപിതാക്കൾ യാഥാർഥ്യമാക്കിയിരിക്കുന്നത്.
വന്ദനയുടെ അമ്മ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക്ക് പണിതത്. ‘ഡോക്ടർ വന്ദനാ ദാസ് മെമ്മോറിയൽ ക്ലിനിക്ക് എന്നാണ് തൃക്കുന്നപ്പുഴയിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ലിനിക്കിന് പേരിട്ടിരിക്കുന്നത്.
വന്ദനയുടെ ജന്മദിനമായ ഒക്ടോബർ 10 നാണ് ക്ലിനിക്കിന്റെ ഉദ്‌ഘാടനം. അധികം വൈകാതെ തന്നെ ചികിത്സയും ആരംഭിക്കും. സ്ഥിരമായി രണ്ട് ഡോക്ടർമാരുടെ സേവനമുണ്ടാകും. വന്ദനയുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ക്ലിനിക്കിൽ സേവനം നൽകാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.
2023 മെയ് 10 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യവേ വൈദ്യപരിശോധനയ്‌ക്കായി പൊലീസ് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപിന്റെ ആക്രമണത്തിലാണ് വന്ദന കൊല്ലപ്പെടുന്നത്. സംസ്ഥാനത്തിന് മുഴുവൻ നൊമ്പരമായി മാറിയ സംഭവമായിരുന്നു ഇത്. ലഹരിക്കടിമയായിരുന്ന സന്ദീപ് പരിശോധനയ്‌ക്കിടെ വന്ദനയെ ആക്രമിക്കുകയായിരുന്നു.”