ഷൊർണൂർ: ഐസ്ക്രീം വിൽപ്പനക്ക് പോകുന്ന ഓട്ടോറിക്ഷയ്ക്ക് ചുറ്റും കാറ്റുനിറച്ച ട്യൂബ്, കയ൪, ലൈഫ് ജാക്കറ്റ്, ബെൽറ്റ്, ലോക്ക് കയ൪… കാണുമ്പോൾ കൗതുകം തോന്നും. നിഷാദിൻ്റെ ഓട്ടോയാണിത്.Nishad sells ice cream in an autorickshaw, but he is wary of getting a call from the police or the fire brigade at any time
ഷൊർണൂരിൽ തിരക്കുള്ള പാതയോരത്തു പെട്ടി ഓട്ടോറിക്ഷയിൽ ഐസ്ക്രീം വിൽപനയാണ് നിഷാദിന് എങ്കിലും ഏതു സമയത്തും പൊലീസിന്റെയോ അഗ്നിരക്ഷാസേനയുടെയോ വിളി വരുന്നുണ്ടോ എന്ന ശ്രദ്ധയിലുമാണ്.
ഇങ്ങനെ വിളി പ്രതീക്ഷിക്കുന്നതിനു കാരണമുണ്ട്. വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനും മൃതദേഹങ്ങൾ മുങ്ങിയെടുക്കുന്നതിനും നിഷാദ് മുന്നിലുണ്ട്. ഐസ്ക്രീം കച്ചവടത്തിരക്കിനിടയിൽ ഫോൺ കോളെത്തിയാൽ ഐസ്ക്രീം വിൽപന നിർത്തി വച്ച് ഓട്ടോറിക്ഷയുമായി നിഷാദ് അവിടേക്ക് പാഞ്ഞെത്തും.
എട്ടു വ൪ഷം. കയങ്ങളിൽ നിന്ന്, ചുഴികളിൽ നിന്ന്, ആഴങ്ങളിൽ നിന്ന് തിരിച്ചുപിടിച്ചത് 30 ലധികം ജീവനുകൾ. മുങ്ങിയെടുത്തത് 90 മൃതദേഹങ്ങൾ. വെള്ളത്തിനടിയിലെ സാഹസികത നിഷാദിന് വിനോദമല്ല, സമൂഹത്തോടുള്ള കടപ്പാടാണ്- “വീട്ടിലൊരാളെ നഷ്ടപ്പെട്ടാൽ നമുക്കുണ്ടാകുന്ന വേദനയുണ്ടല്ലോ. അതാലോചിക്കുമ്പോൾ എടുത്തുചാടും. ഒന്നും നോക്കാറില്ല”
നിഷാദ് ഭാഗമായിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾ നിരവധിയാണ്. രക്ഷാപ്രവ൪ത്തനവും തിരച്ചിലും ഇനി വേഗത്തിലാക്കണം. അതിന് സ്കൂബ ഡൈവിംഗ് ട്രെയിനിംഗിന് പോകണം എന്നാണ് ആഗ്രഹമെന്ന് നിഷാദ് പറഞ്ഞു.