മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് എൻജിനിയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം.An engineering student met a tragic end in a collision between a car and a KSRTC bus
കാർ ഓടിച്ചിരുന്ന തൃശൂർ പൊറത്തിശ്ശേരി ചെല്ലിക്കര സിദ്ധാർത്ഥ് (19) ആണ് മരിച്ചത്.
പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവിൻ (19), മലപ്പുറം ഇല്ലിക്കൽ അസ്‌റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ, ഉമ്മർ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റുള്ളവർ.
പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇതേ ദിശയിൽ പിറവം ഭാഗത്ത് നിന്ന് മൂവാറ്റുപുഴയ്ക്ക് വരുകയായിരുന്ന വാഗണർ കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാറിലും എതിർ ദിശയിൽ വന്ന മൂവാറ്റുപുഴ വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ ആലുവ രാജഗിരി ആശുപത്രിയിലും രണ്ട് പേരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേർ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
സിദ്ധാർത്ഥിന്റ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൂവാറ്റുപുഴ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
മൂവാറ്റുപുഴ–പിറവം റോഡിൽ എയ്ഞ്ചൽ വോയ്സ് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്.