മലപ്പുറം: മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. തന്റെ പരാതികളിൽ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അൻവർ പറഞ്ഞു. കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി തന്നെ കുറ്റവാളിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.(P V Anvar mla press meet updates)
കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.
‘‘എസ്പി ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകൾ പരിശോധിച്ചില്ല. പി.വി.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത്. ഡിഐസി തിരിച്ച് കോൺഗ്രസിൽ പോയതു മുതൽ താൻ പാർട്ടിയുമായി സഹകരിക്കുന്നുണ്ട്.
പാർട്ടി ലൈനിൽ നിന്നും താൻ വിപരീതമായി പ്രവർത്തിക്കുന്നുവെന്നാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നതെന്നും അൻവർ പറഞ്ഞു. പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തിൽ. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂർവം ഒന്നും നടക്കുന്നില്ല.’’– അൻവർ പറഞ്ഞു.
‘‘ഇന്ന് ഈ പത്രസമ്മേളനം നടത്താൻ കഴിയുമോയെന്ന് വിശ്വസിച്ചിരുന്നില്ല. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോയെന്ന് അറിയില്ല. അജിത് കുമാർ എന്ന നൊട്ടോറിയസ് പലതും ചെയ്യാം. മുഖ്യമന്ത്രി മലപ്പുറത്ത് പാർട്ടി സെക്രട്ടറിയെ വിളിച്ച് ചോദിക്കണ്ടേ. ഈ പറയുന്നതിൽ വല്ല വാസ്തവവും ഉണ്ടോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കേണ്ടേ. എന്റെ പിന്നാലെ പൊലീസുണ്ട് എന്നും പി വി അൻവർ എം എൽ എ പറഞ്ഞു.