കൊച്ചി: സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.(Senior CPM leader MM Lawrence passed away)
സംസ്ഥാനത്ത് സിപിഎമ്മിനെ വളർച്ചയുടെ ഘട്ടത്തിൽ എത്തിക്കുന്നത് മുഖ്യ പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് എംഎം ലോറന്‍സ്. 2015 മുതല്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരുന്ന എം എം ലോറന്‍സ് കേന്ദ്രക്കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നി നിലകളില്‍ ദീര്‍ഘകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15ന് ആണ് ലോറൻസ് ജനിച്ചത്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍, മുനവുറല്‍ ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലോറന്‍സ്, 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതോടെ പത്താംതരത്തിൽ പഠനം ഉപേക്ഷിക്കുകയായിരുന്നു.