മൂവാറ്റുപുഴ: കളർഫുൾ ഓണാഘോഷം ഒരുക്കി മൂവാറ്റുപുഴ നിർമല കോളജ്. മാവേലിയും പുലിയും വേട്ടക്കാരനും ശിങ്കാരിമേളവും തിരുവാതിരയും ഓണക്കളികളും ഒക്കെയായി ഉത്സവ പ്രതീതിയായിരുന്നു. Muvattupuzha Nirmala College organized a colorful Onam celebration

വിദ്യാർഥികളൊക്കെ രാവിലെ തന്നെ പൂക്കളം ഒരുക്കുന്ന തിരക്കിലായിരുന്നു. മലയാളത്തനിമ വിളിച്ചോതുന്ന വസ്ത്രങ്ങളണിഞ്ഞ് ഒരോ ഡിപ്പാർട്ട്മെൻ്റും വാശിയോടെ പൂക്കളം ഇട്ടു. ആദ്യമായാണ് ഓണപൂക്കള മത്സരത്തിന് സ്പോൺസർഷിപ്പ് ലഭിക്കുന്നത്.
ഒന്നാം സമ്മാനം നേടിയത് മാത്സ് ഡിപ്പാർട്ട്മെൻ്റാണ്, രണ്ടാം സ്ഥാനം എംസിഎയും മൂന്നാം സ്ഥാനം ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റും സ്വന്തമാക്കി. ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1500 രൂപയുമായിരുന്നു ക്യാഷ് പ്രൈസ്.

കേരള ശ്രീമാനായി തെരഞ്ഞെടുക്കപ്പെട്ട ജെം കെ ജോസിന് ഹെറിറ്റേജ് ലൂംസ് മാനേജിംഗ് ഡയറക്ടറും പൂർവ വിദ്യാർഥിയുമായ മിനി ഷാജി കണ്ണിക്കാട്ട് സമ്മാനം നൽകുന്നു
വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി മൂവാറ്റുപുഴയിലെ ഹെറിറ്റേജ് ലൂംസിൻ്റെ സഹകരണത്തോടെയായിരുന്നു പൂക്കള മത്സരം.
ഹെറിറ്റേജ് ലൂംസ് മാനേജിംഗ് ഡയറക്ടറും പൂർവ വിദ്യാർഥിയുമായ മിനി ഷാജി കണ്ണിക്കാട്ട്, സ്റ്റെഫി കണ്ണിക്കാട്ട് എന്നിവർ ചേർന്ന് സമ്മാനർഹരായവർക്ക് പ്രേത്സാഹന സമ്മാനങ്ങൾ നൽകി.

കേരള ശ്രീയായി തെരഞ്ഞെടുക്കപ്പെട്ട ഗോപിക എസ് നായർക്ക് ഹെറിറ്റേജ് ലൂംസ് ഡയറക്ടർ സ്റ്റെ ഫി കണ്ണിക്കാട്ട് സമ്മാനം നൽകുന്നു
വിദ്യാർഥികളെ ആവേശത്തിലാഴ്ത്തിയ മറ്റൊരു മത്സരമായിരുന്നു കേരള ശ്രീ – ശ്രീമാൻ. മൂന്ന് റൗണ്ടുകളായി നടന്ന മത്സരത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ആവേശത്തോടെയാണ് മത്സരാർഥികളെ വരവേറ്റത്.
ആദ്യ റൗണ്ടിൽ റാമ്പിൽ എത്തിയ മത്സരാർഥികൾ കേരള ശ്രീയും ശ്രീമാനുമാകാനുള്ള യോഗ്യത കാണിളേയും വിധികർത്താക്കളേയും ബോധ്യപ്പെടുത്തി. രണ്ടാം റൗണ്ടിൽ മത്സരാർഥികൾ സ്വയം പരിചയപ്പെടുത്തിയതിനോടൊപ്പം തങ്ങളുടെ കഴിവുകളും പ്രദർശിപ്പിച്ചു.

പാട്ടു പാടിയും, ഡാൻസ് ചെയ്തും, വാചകമടിച്ചും പൂമാല കെട്ടിയും അവർ കാണികളേയും വിധികർത്താക്കളേയും കയ്യിലെടുത്തു. മൂന്നാമത്തെ റൗണ്ട് ഒരൽപം കടുകട്ടിയായിരുന്നു. ചോദ്യങ്ങൾക്ക് മലയാളത്തിൽ തന്നെ ഉത്തരം നൽകണമായിരുന്നു.
രസകരമായ ചോദ്യങ്ങൾക്ക് രസകരമായ മറുപടി നൽകി അവർ വിധികർത്താക്കളെ ഞെട്ടിച്ചു. ബി.എ എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥി ജെം കെ ജോസ് കേരള ശ്രീമാനായി തെരഞ്ഞെടുക്കപ്പെട്ടു. ബി.കോം അവസാനവർഷ വിദ്യാർഥിനി ഗോപിക എസ് നായരാണ് കേരളശ്രീ.

ഇരുവർക്കുമുള്ള പ്രേത്സാഹനം ഹെറിറ്റേജ് ലൂംസ് മാനേജിംഗ് ഡയറക്ടർ മിനി ഷാജി കണ്ണിക്കാട്ട്, സ്റ്റെഫി കണ്ണിക്കാട്ട് എന്നിവർ ചേർന്ന് സമ്മാനിച്ചു.

പിന്നീട് ഏറെ രസകരമായ ഉറിയടി മത്സരമായിരുന്നു. കണ്ണുകൾ കെട്ടി കുറുവടിയുമായി വിദ്യാർഥിനികളാണ് ആദ്യം എത്തിയത്. പിന്നീട് വിദ്യാർഥികളുടെ ഉറിയടി മത്സരം നടന്നു.

ഇതിനിടെ ശിങ്കാരിമേളം കൊട്ടിക്കയറിയപ്പോൾ ആ താളക്കൊഴുപ്പിൽ മതിമറന്ന് ആഘോഷിക്കുകയായിരുന്നു നിർമലയുടെ സ്വന്തം വിദ്യാർഥികൾ.