കോഴിക്കോട്: ബി ഉണ്ണികൃഷ്ണന്റെ സിനിമാ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഗുണ്ടകളുടെ ആക്രമണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നേരെയാണ് അഞ്ചംഗസംഘം ആക്രമണം നടത്തിയത്. കോഴിക്കോട്ടുവച്ച് നടക്കുന്ന ഷൂട്ടിങ് സെറ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.(Gangster attack on B Unnikrishnan’s movie set)
കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്തെ ഇഖ്‌റ ഹോസ്പിറ്റലിന് എതിര്‍വശത്തെ സ്ഥലത്തുവച്ചാണ് ഷൂട്ടിങ് നടക്കുന്നത്. രാത്രി പതിനൊന്നുമണിയോടെ അഞ്ചംഗ സംഘം സെറ്റിലെത്തുകയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിബു ടിടിയെ ആക്രമിക്കുകയുമായിരുന്നു. ജിബുവിനെ കത്തിക്കൊണ്ട് കുത്തുകയും അക്രമിസംഘം സാരമായി മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ ജിബു ആശുപത്രിയില്‍ ചികിത്സയിലാണ്.
വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നൽകിയ പ്രാഥമിക വിവരം. അഞ്ചംഗ സംഘത്തിനെതിരെ കേസ് എടുത്തതായി നടക്കാവ് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.