കാൺപൂർ: ഉത്തർപ്രദേശിൽ ദേശീയപാതയിൽ യുവതിയുടെ മൃതദേഹം തല അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തി. നഗ്നമായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയിൽ ഉപേക്ഷിച്ചതായാണ് സംശയം.(Naked, headless body of unidentified woman found on road in Uttar Pradesh)
ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും യുവതിയെ കുറിച്ച് പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. യുവതിയെ തിരിച്ചറിയാനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
സംഭവ സ്ഥലത്ത് നിന്ന് ഏകദേശം 3 കിലോ മീറ്റർ അകലെയുള്ള ഒരു സിസിടിവിയിലെ ദൃശ്യങ്ങളിൽ ഒരു യുവതി ഒറ്റയ്ക്ക് നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ദേശീയപാതയിൽ നിന്ന് കണ്ടെത്തിയ ചെരിപ്പിന്റെയും വസ്ത്ര ഭാഗങ്ങളുടെയും സമാനമായ ചെരിപ്പും വസ്ത്രവുമാണ് ഈ യുവതി ധരിച്ചിരിക്കുന്നത്. ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.