വൈപ്പിൻ: 57 വർഷം മുമ്പാണ് കേരളസർക്കാർ ഭാഗ്യക്കുറി തുടങ്ങിയത്. ടിക്കറ്റ് വില 2 രൂപ. എന്നാൽ അതിന് മുമ്പും ഭാഗ്യക്കുറികൾ നാട്ടിലുണ്ടായിരുന്നു.A lottery conducted 91 years ago and its prize information on social media
ഏതെങ്കിലും സംഘടനയുടെ ഫണ്ട് ശേഖരണത്തിനായിരുന്നു ഇത്തരം ഭാഗ്യക്കുറികൾ നാട്ടിലുണ്ടായിരുന്നത്. അത്തരത്തിൽ 91 വർഷം മുമ്പ് നടത്തിയ ഒരു ഭാഗ്യക്കുറിയും അതിലെ സമ്മാന വിവരങ്ങളും സോഷ്യൽമീഡിയയിൽ ഹിറ്റാവുകയാണ്.
ഒന്നാം സമ്മാനക്കാരനെ കാത്തിരുന്ന വലിയ തുക 100 രൂപയായിരുന്നു. രണ്ടാംസമ്മാനം ക്ലോക്ക്, മൂന്നാംസമ്മാനം 50 രൂപയുടെ സൈക്കിൾ.
തീർന്നില്ല, കറവപ്പശു, വട്ടമേശ, കുട, സാരി, മുണ്ട്, ബ്ലൗസ്, ഷർട്ട്പീസ്, ബനിയൻ, തോർത്ത്, സോഡാ ഗ്ലാസ് അങ്ങനെ 300 സമ്മാനങ്ങൾ! ഇന്നത്തെ ലൊട്ടുലൊടുക്ക് സാധനങ്ങളാണ് സമ്മാനങ്ങളിൽ മുൻനിരയിൽ സ്ഥാനം പിടിച്ചത്.
ഇനി 300ാമത്തെ സമ്മാനം എന്താണെന്നറിയണോ? ഒരു പവൻ സ്വർണ്ണം!
2 അണ(ഇന്നത്തെ 12 പൈസ)ആയിരുന്നു ടിക്കറ്റ് വില.
ടിക്കറ്റ് വാങ്ങുന്നയാളുടെ പേരും വിലാസവുമൊക്കെ ടിക്കറ്റിൽ എഴുതിയാണ് വില്പന. ടിക്കറ്റ് അച്ചടിച്ച പ്രസ്സിന്റെ പേരും ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യക്കുറിയുടെ പേരിനുമുണ്ട് കൗതുകം, പരമാനന്ദ ഭാഗ്യഷോടതി.