ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ട്രെയിൻ പാളം തെറ്റി അപകടം. സോംനാഥ് എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ ആറ് മണിയോടുകൂടിയായിരുന്നു സംഭവം.(Train derails in Madhya Pradesh)
റെയിൽവേ സ്റ്റേഷനിൽ നിന്ന് 150 മീറ്റർ മാറിയാണ് അപകടം നടന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ‘ഇൻഡോറിൽ നിന്ന് ട്രെയിൻ വരുകയായിരുന്നു. ജബൽപൂർ സ്റ്റേഷൻ്റെ ആറാം പ്ലാറ്റ്ഫോമിലേക്ക് എത്താനിരിക്കെയാണ് രണ്ട് കോച്ചുകൾ പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.’- റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉത്തർപ്രദേശിൽ സബർമതി എക്സ്പ്രസ് പാളം തെറ്റി ഒരു മാസത്തിനുള്ളിലാണ് വീണ്ടും അപകടം നടക്കുന്നത്. ആഗസ്ത് 17ന് അഹമ്മദാബാദ്- വാരണസി സബർമതി എക്സ്പ്രസിൻ്റെ 20 കോച്ചുകളാണ് കാൺപൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്.